സി.ബി.ഐ, എൻ.എസ്.ജി എന്നിവരുമായി ചേർന്ന് ബി.ജെ.പി ഗൂഢാലോചന നടത്തുന്നു; പരാതി നൽകി തൃണമൂൽ
text_fieldsകൊൽക്കത്ത: സി.ബി.ഐ പശ്ചിമബംഗാളിൽ നടത്തിയ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖാലി സംഭവത്തിൽ ഉൾപ്പെട്ട ഷാജഹാൻ ഷെയ്ഖുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും അന്വേഷണ ഏജൻസികളുമായി ചേർന്ന് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും തൃണമൂൽ ആരോപിക്കുന്നു.
പശ്ചിമബംഗാളിൽ ഡാർജിലിങ്, റായ്ഗഞ്ച്, ബാലുർഗാട്ട് തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മനപ്പൂർവം സന്ദേശ്ഖാലിയിലെ ഒഴിഞ്ഞ കെട്ടിടങ്ങളിൽ റെയ്ഡ് നടത്തുകയാണ് സി.ബി.ഐ. എൻ.എസ്.ജി അടക്കമുള്ളവയുടെ സഹായവും റെയ്ഡിനായി സി.ബി.ഐ തേടിയിട്ടുണ്ടെന്നാണ് മാധ്യമവാർത്തകളിൽ നിന്നും മനസിലാവുന്നത്. റെയ്ഡ് നടത്തുന്നതിന് മുമ്പ് സി.ബി.ഐ സംസ്ഥാന സർക്കാറിനെയോ പൊലീസിനെയോ വിവരമറിയിച്ചില്ല.
സംസ്ഥാന സർക്കാറിന് ബോംബ് നിർവീര്യമാക്കുന്ന യൂണിറ്റ് ഉണ്ടെന്നിരിക്കെ ബോംബ് സ്ക്വാഡിനെ സി.ബി.ഐ ഒപ്പം കൊണ്ടു വരികയായിരുന്നു. എൻ.എസ്.ജി തന്നെ സ്ഥാപിച്ച ആയുധങ്ങളാണ് കെട്ടിടത്തിൽ നിന്നും പിടിച്ചെടുത്തത്. റെയ്ഡിന് മുമ്പ് മാധ്യമങ്ങളെ മുൻകൂട്ടി വിവരമറിയിച്ചിരുന്നു. തൃണമൂലിനെതിരെ ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ഇന്ന് നടത്തിയ റെയ്ഡിൽ ഇന്ത്യൻ നിർമിത റിവോൾവർ, പൊലീസ് റിവോൾവർ, പിസ്റ്റൾ, 120mm ബുള്ളറ്റുകൾ, 50 കാട്രിജുകൾ തുടങ്ങിയ ആയുധങ്ങൾ പിടിച്ചെടുത്തുവെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. സന്ദേശ്ഖാലി സംഭവത്തിലെ പ്രതിയായ ഷെയ്ഖ് ഷാജഹാനെതിരായ രേഖകളും പിടിച്ചെടുത്തുവെന്നും സി.ബി.ഐ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.