ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിൽ തുടരുന്നത് കോൺഗ്രസിന്‍റെ കഴിവുകേട് കൊണ്ടെന്ന് ഉവൈസി
text_fieldsകച്ച്: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. കോൺഗ്രസിന്‍റെ കഴിവുകേടാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിൽ തുടരാൻ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി.
കോൺഗ്രസിന്‍റെ വോട്ട് ഷെയർ കുറക്കാനുള്ള ശ്രമത്തിലാണ് എ.ഐ.എം.ഐ.എം എന്ന ആരോപണം ഉവൈസി നിഷേധിച്ചു. സ്വന്തം പോരായ്മകൾ മറച്ച് വെക്കാനാണോ കോൺഗ്രസ് ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
"കഴിഞ്ഞ 27 വർഷമായി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തുടരുകയാണ്. കോൺഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ നിന്ന് ആരാണ് കോൺഗ്രസിനെ തടഞ്ഞത്. എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസ് അതിൽ പരാജയപ്പെട്ടത്. ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ് ആദ്യം ഉത്തരം നൽകണം"- ഉവൈസി പറഞ്ഞു. ഒരു പാർട്ടിയുടെയും വോട്ട് ഷെയർ കുറക്കാനല്ല ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ പോരാടുക മാത്രമാണ് പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ ബി.ജെ.പിയുമായി കോൺഗ്രസ് വിട്ടുവീഴ്ച നടത്തിയെന്ന് ഉവൈസി ആരോപിച്ചു. എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടെന്ന് ആരോപിക്കുകയാണ് കോൺഗ്രസ്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടത് ബി.ജെ.പിയുമായി ഉണ്ടായ രഹസ്യ ഇടപാട് കൊണ്ടാണോയെന്ന് ഉവൈസി ചോദിച്ചു. രാഹുൽ ഗാന്ധി രണ്ട് സീറ്റിൽ മത്സരിച്ചപ്പോൾ അമേഠിയിൽ പരാജയപ്പെട്ടു. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ഇടപാട് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.