ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് സഖ്യവുമായി ബി.ജെ.പി; എ.ജെ.എസ്.യു, ജെ.ഡി.യു പാർട്ടികളുമായി ചർച്ച
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സഖ്യനീക്കവുമായി ബി.ജെ.പി. ഓൾ ഝാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ (എ.ജെ.എസ്.യു), ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) എന്നീ പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനാണ് നീക്കം. ഝാർഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടിൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലെ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.
ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടൻ മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നും ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5നും അവസാനിക്കും. മുൻപ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഒരേ സമയത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
ഹേമന്ത് സോറൻ സർക്കാറിന്‍റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കും. അതേസമയം, ജമ്മു കശ്മീരിൽ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിനും തെരഞ്ഞെടുപ്പ് നടക്കും.
81 അംഗ നിയമസഭയിലേക്ക് 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) 30 സീറ്റ് നേടി അധികാരം പിടിച്ചു. ബി.ജെ.പി 25 സീറ്റുകളും കോൺഗ്രസ് 16 സീറ്റുകളും നേടി.
ആർ.ജെ.ഡി-1, ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതന്ത്രിക്)-3, ഓൾ ഝാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ (എ.ജെ.എസ്.യു)-2, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ -1, എൻ.സി.പി-1, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ സീറ്റ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.