തെരഞ്ഞെടുപ്പ് അരികെ; വീണ്ടും ഏക സിവിൽ കോഡ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിനിടെ, ബി.ജെ.പിയുടെ വിവാദ അജണ്ടകളിലൊന്നായ ഏക സിവിൽ കോഡ് നിയമ കമീഷൻ വീണ്ടും ചർച്ചക്കു വെച്ചു. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഒരു മാസത്തിനകം അഭിപ്രായം അറിയിക്കാൻ ബന്ധപ്പെട്ട വ്യക്തികളോടും അംഗീകൃത സമുദായ സംഘടനകളോടും കമീഷൻ നിർദേശിച്ചു.
വിവിധ വ്യക്തിനിയമങ്ങൾ പ്രാബല്യത്തിലുള്ള ബഹുസ്വര രാജ്യത്ത് ഒറ്റ സിവിൽ കോഡ് പ്രായോഗികമല്ലെന്ന വാദം തള്ളി നിയമനിർമാണത്തിന് മോദിസർക്കാർ ഒരുക്കം നടത്തുന്നുവെന്ന സൂചനകൾക്കിടയിലാണ് നിയമ കമീഷന്റെ പുതിയ നീക്കം.
നിയമ കമീഷനിൽനിന്ന് റിപ്പോർട്ട് വാങ്ങി ഏക സിവിൽ കോഡ് ബിൽ വരുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. പാർലമെന്റ് പാസാക്കിയാലും ഇല്ലെങ്കിലും ഏക സിവിൽ കോഡ് വരുംമാസങ്ങളിൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ലോക്സഭ തെരഞ്ഞെടുപ്പിന്റെയും ചർച്ചാഗതി തിരിക്കാൻ പര്യാപ്തമാണ്. നേരത്തെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം, മധ്യപ്രദേശ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽ കോഡിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നിരുന്നു.
സർക്കാറിന്റെ താൽപര്യത്തിനൊത്ത് ഏക സിവിൽ കോഡ് വിഷയം പൊടിതട്ടിയെടുക്കുകയാണ് 22ാം നിയമ കമീഷൻ. ഏക സിവിൽ കോഡിനോട് യോജിക്കാത്ത നിലപാടായിരുന്നു 21ാം നിയമ കമീഷന്റേത്. ഏക സിവിൽ കോഡിൽ വീണ്ടും അഭിപ്രായം തേടുന്നതിനെക്കുറിച്ച് ബുധനാഴ്ച നിയമ കമീഷൻ പുറത്തിറക്കിയ അറിയിപ്പ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘2016 ജൂൺ 17ന് നിയമ മന്ത്രാലയം നിർദേശിച്ചപ്രകാരം ഏക സിവിൽ കോഡ് വിഷയം 22ാം നിയമ കമീഷൻ പരിശോധിച്ചുവരുകയാണ്. 21ാം നിയമ കമീഷൻ വിഷയം പരിഗണിച്ചിരുന്നു. ചോദ്യാവലി തയാറാക്കി 2016ൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടി. തുടർന്ന് 2018ലും അഭിപ്രായം തേടി നോട്ടീസ് ഇറക്കി. ‘കുടുംബ നിയമങ്ങളുടെ പരിഷ്കരണ’ത്തെക്കുറിച്ച കൂടിയാലോചന രേഖയും 21ാം നിയമ കമീഷൻ പുറത്തിറക്കിയിരുന്നു.
ഇത്തരമൊരു രേഖ തയാറാക്കി മൂന്നു വർഷം കഴിഞ്ഞതിനാൽ വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്ത് പുതുതായി ചർച്ചക്കു വെക്കുകയാണ്. പൊതുജനങ്ങൾക്കും അംഗീകൃത സമുദായ സംഘടനകൾക്കും 30 ദിവസത്തിനകം കാഴ്ചപ്പാട് അറിയിക്കാം. നിയമ കമീഷൻ വെബ്സൈറ്റിലും membersecretary-lci@gov.in എന്ന ഇ-മെയിൽ വിലാസത്തിലും മെംബർ സെക്രട്ടറി, ലോ കമീഷൻ ഓഫ് ഇന്ത്യ, ലോക് നായക് ഭവൻ, ഖാൻ മാർക്കറ്റ്, ന്യൂഡൽഹി -110 003 എന്ന വിലാസത്തിൽ തപാലിലും കാഴ്ചപ്പാട് അറിയിക്കാം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വ്യക്തിയെയോ സ്ഥാപനത്തെയോ നേരിട്ട് കേൾക്കും.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.