‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാൻ സർക്കാർവിലാസം സമിതി
text_fieldsന്യൂഡൽഹി: ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി വാഗ്ദാനം നടപ്പാക്കുന്നത് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ ബഹുഭൂരിഭാഗവും കേന്ദ്രസർക്കാറിനൊപ്പം നിൽക്കുന്നവരെ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കി. ഭരണഘടന-നിയമ-ചട്ടഭേദഗതികളും മറ്റു ക്രമീകരണങ്ങളും നിർദേശിക്കാൻ ഏഴ് പരിഗണനാവിഷയങ്ങളും എട്ടംഗ സമിതിക്കായി കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തിൽ നിർണയിച്ചു.
കേന്ദ്രസർക്കാറിന് മൃഗീയ ഭൂരിപക്ഷമുള്ള സമിതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രമാദ കേസുകളിൽ കേന്ദ്രത്തിനായി ഹാജരാകാറുള്ള മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെ, കോൺഗ്രസിൽനിന്ന് രാജിവെച്ച് പുതിയ പാർട്ടിയുണ്ടാക്കിയ ഗുലാംനബി ആസാദ്, ബി.ജെ.പി സഹയാത്രികനായ 15ാം ധനകാര്യ കമീഷൻ െയർമാൻ എൻ.കെ. സിങ്, ലോക്സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ മുഖ്യ വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവരടങ്ങുന്ന സമിതിയിൽ ബി.ജെ.പിയുടെ പക്ഷത്തല്ലാത്ത ഏക അംഗമായി ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി മാത്രമാണുള്ളത്. പ്രത്യേക ക്ഷണിതാവായി കേന്ദ്ര നിയമ നീതിന്യായ മന്ത്രി അർജുൻ രാം മേഘ്വാളും സെക്രട്ടറിയായി കേന്ദ്ര നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയുമുണ്ടാകും. എന്നാൽ, അധിർ രഞ്ജൻ ചൗധരി സമിതിൽ ഭാഗമാകുന്നകാര്യം ഇൻഡ്യ കക്ഷികളുമായി ചർച്ച ചെയ്തശേഷമേ തീരുമാനിക്കൂ എന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം. പാർലമെന്റ് പാസാക്കുന്ന ഈ ഭരണഘടനാഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമാണോ എന്ന് സമിതി പറയും. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടപ്പാക്കിയാൽ തൂക്കുസഭ, അവിശ്വാസപ്രമേയം, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ സാധ്യമായ പരിഹാരവും സമിതി ശിപാർശ ചെയ്യും.
ഉന്നതാധികാര സമിതി അതിന്റെ ശിപാർശകൾ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിലുണ്ട്. സമിതി ആസ്ഥാനം ന്യൂഡൽഹിയാണ്. ഓഫിസ് സ്ഥലവും മറ്റും നിയമ നീതിന്യായ മന്ത്രാലയം ഒരുക്കും. ഇതേ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിൽനിന്ന് സമിതിയുടെ ചെലവിനുള്ള തുക കണ്ടെത്തും. യോഗവും മറ്റു പ്രവർത്തനങ്ങളും എങ്ങനെയായിരിക്കുമെന്ന് സമിതി തീരുമാനിക്കും. തങ്ങളുടെ പ്രവർത്തനത്തിനും ശിപാർശകൾക്ക് പര്യാപ്തമെന്ന് സമിതിക്ക് അഭിപ്രായമുള്ള എല്ലാ വ്യക്തികളെയും നിവേദനങ്ങളെയും ആശയവിനിമയങ്ങളെയും സമിതി കേൾക്കും. രാഷ്ട്രപതിയുടെ വേതന-പെൻഷൻ പ്രകാരമുള്ള അലവൻസിന് ചെയർമാൻ രാംനാഥ് കോവിന്ദ് അർഹനായിരിക്കും. എം.പിമാരായ അംഗങ്ങൾക്ക് 1959ലെ പാർലമെന്റ് നിയമപ്രകാരമുള്ള അലവൻസ് ലഭിക്കും. മറ്റ് അംഗങ്ങൾക്ക് ഉയർന്ന ഗ്രേഡിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ യാത്ര ബത്ത നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.