നന്ദിപറയുന്ന കോടിക്കണക്കിന് വിഡിയോകൾ; മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'പി.ആർ തള്ളി'നൊരുങ്ങി ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്നാഴ്ച നീണ്ട 'പി.ആർ തള്ളി'ന് തുടക്കമിടാനൊരുങ്ങി ബി.ജെ.പി. സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. കൂടാതെ, മോദി പൊതു ഭരണ -സേവന രംഗത്ത് 20 വർഷം പൂർത്തിയാക്കുന്നതും പ്രചാരണത്തിന് ഉപയോഗിക്കും. 2001 ഒക്ടോബർ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മോദിയുടെ 71ാം ജന്മദിനവും രാഷ്ട്രീയ ജീവിതത്തിലെ 20 വർഷവും ആഘോഷിക്കാനാണ് ബി.ജെ.പിയുടെ ഒരുക്കം.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുത്തിയതിനൊപ്പം ജനജീവിതവും താറുമാറായതിന് പിന്നാലെയാണ് പി.ആർ വർക്കിലൂടെ മുഖച്ഛായ രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം. ബി.ജെ.പിക്കുള്ളിൽനിന്നുതന്നെ കേന്ദ്രസർക്കാറിന്‍റെയും മോദിയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതോടെയാണ് പി.ആർ വർക്കിലൂടെ മോദിയുടെയും ബി.ജെ.പിയുടെയും മുഖം രക്ഷിക്കാനുള്ള തീരുമാനം.
കോവിഡ് മഹാമാരി നാശം വിതച്ചതിന് ശേഷം മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ ഉൾപ്പെടെ മാറ്റിയായിരുന്നു പുനസംഘടന. എന്നാൽ, പാർലെമന്റിന്റെ വർഷകാല സമ്മേളനത്തിൽ കോവിഡിനൊപ്പം പെഗസസും കർഷക സമരവുമെല്ലാം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതോടെ ബി.ജെ.പിക്ക് അടിതെറ്റുകയായിരുന്നു. ഇത് മന്ത്രിസഭ പുനസംഘടിപ്പിച്ച് മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്‍റെയും ബി.ജെ.പിയുടെയും ശ്രമങ്ങൾക്ക് തിരിച്ചടിയാകുകയും ചെയ്തു.
ഉത്തർപ്രദേശിൽ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ നേതൃത്വത്തിൽ ജൻ ആശിർവാദ് യാത്ര സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ അണിനിരത്തി നടത്തിയ ജൻ ആശിർവാദ് യാത്രക്കുപോലും പാർട്ടിക്കേറ്റ പരിക്ക് ശരിയാക്കാൻ കഴിഞ്ഞില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് മോദിയുടെ ജന്മദിനാഘോഷം പി.ആർ വർക്കിനായി ഉപയോഗിക്കാൻ ബി.ജെ.പി തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'സേവ സപ്താഹ്' എന്ന പേരിലാകും മോദിയുടെ ജന്മദിനാഘോഷം. കൂടാതെ മോദിയുടെ പൊതു സേവനത്തിന്‍റെ 20 വർഷങ്ങൾ 'സേവ ഔർ സമർപ്പൺ അഭിയാൻ' ആയും ആഘോഷിക്കും.
ബി.ജെ.പി നടത്തുന്ന കാമ്പയിനുകളെക്കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറി അരൂൺ സിങ് വിവരിച്ചത് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. അവയുടെ പ്രധാന ഭാഗങ്ങളാണ് ഇവ.
1. പി.എം ഗരീബ് കല്യാൺ യോജന വഴി വിതരണം ചെയ്ത അഞ്ചുകിലോയുടെ സൗജന്യ റേഷന് നന്ദി അറിയിച്ച് മോദിയുടെ ചിത്രം പതിച്ച 14 കോടി ബാഗുകൾ വിതരണം ചെയ്യും
2. മഹാമാരി സമയത്ത് സഹായിച്ച മോദിക്ക് നന്ദി രേഖപ്പെടുത്തി ഗുണഭോക്താക്കൾ സംസാരിക്കുന്ന വിഡിയോകൾ പുറത്തിറക്കും
3. മോദിക്ക് 71 വയസ് തികയുന്നതിന്‍റെ ഭാഗമായി 71 നദികൾ വൃത്തിയാക്കും
4. പാവപ്പെട്ടവരുടെ ക്ഷേമത്തിന് നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്ന അഞ്ച് കോടി കാർഡുകൾ മോദിക്ക് മെയിൽ വഴി അയച്ചുനൽകും
5. വാക്സിൻ സ്വീകരിച്ചവർ സൗജന്യ വാക്സിൻ നൽകിയതിന് മോദിക്ക് നന്ദി പറയുന്ന വിഡിയോകൾ പുറത്തിറക്കും
6. കല സാംസ്കാരിക കായിക മേഖലകളിൽനിന്നുള്ള പ്രമുഖർ പെങ്കടുക്കുന്ന മോദിയുടെ ജീവിതത്തെയും പ്രവർത്തനത്തെക്കുറിച്ചും വിവരിക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കും
7. മോദി ഭരണത്തെക്കുറിച്ച് അഭിപ്രായപ്പെടുന്ന പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകും
8. കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി രജിസ്ട്രേഷൻ സംഘടിപ്പിക്കും
9. മോദിക്ക് ലഭിച്ച മൊമേന്റാകൾ ലേലം ചെയ്യുന്നതിനായി പൊതുജനങ്ങളെ സംഘടിപ്പിക്കും
ഇവ കൂടാതെ രക്തദാന ക്യാമ്പ്, ആരോഗ്യ പരിശോധന ക്യാമ്പ്, വൃദ്ധസദനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവയും സംഘടിപ്പിക്കും. റേഷൻ കിറ്റുകളിൽ മോദിയുടെ ചിത്രം പതിപ്പിക്കുന്നതിലൂടെ പാവങ്ങളുടെ അത്താണിയെന്ന പരിവേഷം മോദിക്ക് കൈവരുമെന്നാണ് സിങ്ങിന്‍റെ കണക്കുകൂട്ടൽ.
കോവിഡ് വാക്സിനേഷൻ സെന്‍ററുകൾ സന്ദർശിക്കാനും കാമ്പയിനിൽ പങ്കുചേരുന്നതിന് വിഡിയോകൾ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും സിങ് ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടതായാണ് വിവരം. ജൻ ധൻ, പി.എം കിസാൻ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി വിഡിയോകൾ പ്രചരിപ്പിക്കാനും നിർദേശമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇവ കൂടാതെ, മോദിയുടെ നേട്ടങ്ങളും പദ്ധതികളും സംബന്ധിച്ച് എല്ലാ പാർട്ടി ജില്ല ഓഫിസുകളിലും നമോ ആപ്പിലും പ്രദർശിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിേപ്പാർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.