ഗുജറാത്തിന്റെ മകന്’ വോട്ട് തേടി ബി.ജെ.പി
text_fieldsഅഹ്മദാബാദ്: മോദിമന്ത്രത്തിൽ ജീവിതപ്രയാസങ്ങളും ഭരണവിരുദ്ധ വികാരങ്ങളും മറന്നുപോകുന്ന ജനത്തെയാണ് അഹ്മദാബാദ്, ഗാന്ധിനഗർ, ഭറൂച്ച് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ കാണാനായത്.
ഭരണവിരുദ്ധ വികാരം തുറന്നു പ്രകടിപ്പിക്കാൻ മടിച്ച് ഒരു ചിരിതന്നു മാറിപ്പോകുന്നവരുമുണ്ട്. ‘മണ്ണിന്റെ മകൻ’ വാദത്തെ മിനുക്കിയെടുത്ത് ദേശീയതലത്തിൽ മോദി ബ്രാൻഡായി അവതരിപ്പിക്കുകയാണ് ബി.ജെ.പി. ഗുജറാത്തിയായ നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ചക്ക് ഒരു വോട്ട് എന്നതാണ് ഗുജറാത്തിലെ
ബി.ജെ.പിയുടെ മുദ്രാവാക്യം. അമിത് ഷാ പോലും ഗാന്ധിനഗറിൽ വോട്ട് തേടുന്നത് ഇങ്ങനെയാണ്. 2014ലേയും 2019ലേയും പോലെ 26ൽ 26ഉം ജയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. വോട്ടെടുപ്പിനും മുന്നേ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അണികളുടെ ആത്മവീര്യം തകർക്കുന്ന നീക്കമായാണ് ഇതിനെ കാണുന്നത്.
തിരിച്ചുവരവിന് അവസരങ്ങൾ ഏറെ ഉണ്ടായിട്ടും അത് മുതലെടുക്കാൻ കഴിയാത്ത ദൗർബല്യമാണ് കോൺഗ്രസിനെ ബാധിച്ചിരിക്കുന്നത്. ജനസ്വാധീനമുള്ളവരേയും രണ്ടാംനിര നേതാക്കളെയും അടർത്തിയെടുത്ത് ബി.ജെ.പി കോൺഗ്രസിനെ ദുർബലമാക്കുകയാണ്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ശക്തിസിങ് ഗോഹിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവിന് ശ്രമങ്ങൾ നടത്തിവരുന്നു.
സഖ്യകക്ഷിയായ ആപ് മത്സരിക്കുന്ന ഭറൂച്ച് അടക്കം 12ഓളം മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് നിരീക്ഷണം. വൽസാഡ്, നവസരി, സബർകാഠ, ബനസ്കാo, ആനന്ദ്, ചോട്ടാ ഉദയപുർ, സുരേന്ദ്ര നഗർ, രാജ്കോട്ട്, ജാംനഗർ, കച്ച്, ജുനാഗഡ് തുടങ്ങിയ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഏറെ സ്വീകാര്യത പ്രകടമാകുന്നത്.
ബി.ജെ.പിയോട് രോഷാകുലരായ ക്ഷത്രിയ സമുദായം ഏറെയുണ്ട് കച്ച്, ആനന്ദ്, ജാംനഗർ മണ്ഡലങ്ങളിൽ. ഇവിടങ്ങളിൽ, ‘ബി.ജെ.പിയെ പാഠം പഠിപ്പിക്കണമെന്ന്’ നിലപാടെടുത്ത ക്ഷത്രിയ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
അതേസമയം, ബി.ജെ.പി പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്നാൽ, ആ പ്രതിസന്ധികൾ മോദി-അമിത് ഷാ ‘മാനേജ്’ ചെയ്യുമെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ കാശ്യപ് ഷാ പറയുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണ പ്രകാരം ബനസ്കാo, സബർകാഠ, ജാംനഗർ എന്നിവിടങ്ങളിലാണ് കോൺഗ്രസിന് ശക്തമായ മത്സരം കാഴ്ചവെക്കാനാവുക. എന്നാൽ, അവർക്ക് ജയസാധ്യത അദ്ദേഹം കാണുന്നില്ല. ഭറൂച്ചിൽ വാസവ സമുദായ വോട്ടുകൾ മൂന്നായി ഭിന്നിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വോട്ട് ഭിന്നിപ്പിക്കുന്നതിലും എതിർപക്ഷത്തെ രണ്ടാംനിര നേതാക്കളെ സ്വാധീനിക്കുന്നതിലും മോദി-ഷാ കൂട്ടുകെട്ട് മിടുക്കരാണെന്ന് അദ്ദേഹം പറയുന്നു. പാർട്ടിയുടെ പിന്നാക്കം പോക്കിന് പിന്നിൽ ഗ്രൂപ്പിസമാണ് പ്രധാന കാരണമെന്നും അത് ബി.ജെ.പി മുതലെടുക്കുകയാണെന്നും കോൺഗ്രസ് ഹൈകമാൻഡിന്റെ അടുപ്പക്കാരനായിരുന്ന അഹ്മദ് പട്ടേലിന്റെ മകളും എ.ഐ.സി.സി പ്രതിനിധിയുമായ മുംതാസ് പാട്ടേലും തുറന്നുപറയുന്നു.
ദേശീയതലത്തിൽ ‘അബ് കി ബാർ 400 പാർ’ മുദ്രാവാക്യവുമായി ഇറങ്ങിയ ബി.ജെ.പിക്ക് ഗുജറാത്തിലെ മുഴുവൻ സീറ്റുകളും പിടിക്കുക എന്നത് ആത്മാഭിമാന പ്രശ്നംകൂടിയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകളിനേക്കാൾ വോട്ട് ശതമാനവും ഭൂരിപക്ഷവും വർധിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
തങ്ങൾക്ക് വോട്ട് ചെയ്യാൻ സാധ്യതയില്ലാത്ത സമൂഹങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
2015-17കളിൽ ബി.ജെ.പി സർക്കാറിനെതിരെ സംവരണ സമരം നടത്തിയ പടിദാർ സമുദായത്തിലെ ഏറെ പേരും ഇന്ന് ബി.ജെ.പിക്ക് ഒപ്പമാണ്. സമരനായകൻ ഹാർദിക് പട്ടേൽ ബി.ജെ.പി എം.എൽ.എയുമാണ്. ബി.ജെ.പി തങ്ങളോട് നീതികാട്ടിയില്ല എന്നു പറയുമ്പോഴും ‘മോദി മാജിക്കി’ൽ അവർ വീണുപോകുന്നു.
ബി.ജെ.പിയേ അല്ല നരേന്ദ്ര മോദിയെയാണ് പിന്തുണക്കുന്നതെന്ന പടിദാർ സമുദായക്കാരനായ ടാക്സി ഡ്രൈവർ മൻസുഖ്ലാൽ പട്ടേലിന്റെ വാക്കുകളിൽ ഗുജറാത്തിന്റെ രാഷ്ട്രീയം തെളിയുന്നുണ്ട്. മോദി-ഷാ തന്ത്രങ്ങൾക്കു മുന്നിൽ ഒരു സീറ്റെങ്കിലും നേടാനായാൽ കോൺഗ്രസിനത് ജീവവായുവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.