സോണിയക്കോ കോൺഗ്രസ് നേതാക്കൾക്കോ സോറസുമായി ബന്ധമില്ല; ബി.ജെ.പിയുടേത് വ്യാജ വാർത്തയെന്ന് ഫ്രഞ്ച് മാധ്യമം
text_fieldsന്യൂഡൽഹി: മുൻ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് അമേരിക്കൻ വ്യവസായി ജോർജ് സോറസുമായി ബന്ധമുണ്ടെന്ന ബി.ജെ.പി ആരോപണം തള്ളി ഫ്രഞ്ച് വാർത്താ ഏജൻസി മീഡിയ പാർട്ട്. ബി.ജെ.പി ആരോപണം വ്യാജമെന്ന് മീഡിയ പാർട്ട് വ്യക്തമാക്കി.
ബി.ജെ.പി വാദത്തിന് തെളിവില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും മീഡിയപാർട്ട് അറിയിച്ചു. ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിന്‍റെ ലേഖനം ബി.ജെ.പി തെറ്റായി ഉപയോഗിച്ചുവെന്ന് ഡയറക്‌ടർ കാരിൻ ഫ്യൂട്ടോ വ്യക്തമാക്കി.
മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സോറസുമായി ബന്ധമുണ്ടെന്ന ആരോപണം ലോക്സഭയിൽ ബി.ജെ.പി ഉന്നയിച്ചത്. സോണിയക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പി ആരോപണം.
യു.എസ് ‘ഡീപ് സ്റ്റേറ്റി’ന്‍റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പേരുമായും ഫൗണ്ടേഷനുമായും ബന്ധപ്പെടുത്തിയുള്ള ആരോപണമാണ് സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ബി.ജെ.പി ഉയർത്തുന്നത്.
2023 ഫെബ്രുവരി 17ന് മ്യൂണിക് സുരക്ഷാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ അദാനി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാവുമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് വഴി തെളിക്കുമെന്നും ജോര്‍ജ് സോറസ് ചൂണ്ടിക്കാട്ടിയിരുന്നു.
അദാനി കമ്പനികളുടെ തട്ടിപ്പിനെയും ഓഹരി വിപണിയിലെ കൃത്രിമത്തെയും കുറിച്ച് മൗനം തുടരുന്ന നരേന്ദ്ര മോദി വിദേശ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്കും പാർലമെന്റിനും മറുപടി നല്‍കണമെന്ന് സോറസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഫെഡറൽ ഭരണകൂടത്തിന് മേലുള്ള മോദിയുടെ നിയന്ത്രണം ഇതോടെ നഷ്ടമാകുകയും പരിഷ്‍കരണങ്ങൾ വരികയും ചെയ്യുമെന്ന് സോറസ് തുടർന്നു. ഇന്ത്യയിൽ ജനാധിപത്യം പുനരുജ്ജീവിക്കുമെന്ന് സോറസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുമായും ബന്ധപ്പെട്ടിരിക്കുന്ന അദാനി പ്രതിസന്ധി ഇന്ത്യയിലെ ജനാധിപത്യ പുനരുജ്ജീവനത്തിന് ഇടയാക്കിയാലും അതില്‍ ജോര്‍ജ് സോറസിന്റെ പ്രസ്താവനക്ക് പങ്കൊന്നുമില്ലെന്ന് കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നു. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനം കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ആശ്രയിച്ചാണ് സംഭവിക്കുന്നതെന്നും ജോര്‍ജ് സോറസിനെ പോലുള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണയിക്കാനാവില്ലെന്നും ജയ്റാം രമേശ് പ്രതികരിച്ചു.
അതേസമയം, ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള വിദേശശക്തികളുടെ ശ്രമമാണിതും ബി.ജെ.പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.