ബി.ജെ.പിക്ക് 4847 കോടിയുടെ ആസ്തി, രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടി; കോൺഗ്രസ് മൂന്നാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടിയായി ബി.ജെ.പി. രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2019–20 സാമ്പത്തിക വർഷത്തെ വിവരങ്ങളാണ് ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടുപ്രകാരം 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിക്കുള്ളത്.
രണ്ടാം സ്ഥാനത്തുള്ള മായാവതിയുടെ ബി.എസ്.പി 4,150ഓളം കോടി രൂപ പിന്നിലാണ്. 698.33 കോടിയാണ് ബി.എസ്.പിയുടെ ആസ്തി. 588.16 കോടിയുടെ ആസ്തിയുമായി കോൺഗ്രസ് ആണ് മൂന്നാം സ്ഥാനത്ത്. സി.പി.എം (569.51 കോടി), തൃണമൂൽ കോൺഗ്രസ് (247.78 കോടി), സി.പി.ഐ (29.78 കോടി), എൻ.സി.പി (8.20 കോടി) എന്നീ ദേശീയ പാർട്ടികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
7 ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും വിവരങ്ങളാണ് എ.ഡി.ആറിന്റെ റിപ്പോർട്ടിലുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയാണുള്ളത്. ബി.ജെ.പിയുടെ മാത്രം ആസ്തി ഇതിന്റെ 69.37 ശതമാനമാണ്. ബി.എസ്.പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും കോൺഗ്രസിന്റേത് 8.42 ശതമാനവുമാണ്. ബി.ജെ.പി (3,253 കോടി), ബി.എസ്.പി (618.86 കോടി), കോൺഗ്രസ് (240.90 കോടി), സി.പി.എം (199.56), തൃണമൂൽ കോൺഗ്രസ് (1.25 കോടി), സി.പി.ഐ (15.63 കോടി), എൻ.സി.പി (1.86 കോടി) എന്നിങ്ങനെയാണ് ദേശീയ പാർട്ടികളുടെ സ്ഥിരനിക്ഷേപ കണക്ക്.
പ്രാദേശിക പാർട്ടികൾക്ക് 2,129.38 കോടിയുടെ ആസ്തിയാണുള്ളത്. സമാജ്‍വാദി പാർട്ടിയാണ് പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ; 563.47 കോടി. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ആണ്; 301.47 കോടി. മൂന്നാം സ്ഥാനത്ത് 267.61 കോടിയുടെ ആസ്തിയുമായി അണ്ണാ ഡി.എം.കെയാണ് മൂന്നാം സ്ഥാനത്ത്. പ്രാദേശിക പാർട്ടികളുടെ ആസ്തിയിൽ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.