പശ്ചിമ ബംഗാളിൽ ബി.ജെ.പി പരീക്ഷിക്കുന്നത് വിഭജന രാഷ്ട്രീയം -മമത ബാനർജി
text_fieldsകൊൽക്കത്ത: കശ്മീരിനെയും മണിപ്പൂരിനെയും തകർത്ത വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി സംസ്ഥാനത്ത് പരീക്ഷിക്കുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് വിഘടനവാദ ഗ്രൂപ്പുകളെ നിർമിച്ച് ക്രമസമാധാനം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു. ബിർഭും ജില്ലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന റാലിയെ അഭിസംബോധന ചെയ്ത്ത സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
'വിഭജനരാഷ്ട്രീയം ഉപയോഗിച്ച് ബി.ജെ.പി കശ്മീരിനെയും മണിപ്പൂരിനെയും ഇല്ലാതാക്കി. ഇപ്പോൾ അവർ ബംഗാളിന് പിറകെയാണ്. അവർ സംസ്ഥാനത്തെ വിഭജിക്കാൻ വടക്ക് ഭാഗത്തും തെക്ക് ജങ്കൾ മഹൽ പ്രദേശത്തുമുള്ള വിഘടനവാദ ഗ്രൂപ്പുകളെയും വിഘടനശക്തികളെയും പിന്തുണയ്ക്കുന്നു. ഇത്തരം ദുഷ്ടശക്തികളെ വളരാനോ രാജ്യത്തെ വിഭജിക്കാനോ ഞങ്ങൾ അനുവദിക്കില്ല" - മമത ബാനർജി തുടർന്നു.
ബി.ജെ.പിയുടെ രാഷ്ട്രീയം മണിപ്പൂരിനെ കീഴ്മേൽ മറിച്ചെന്നും നൂറിലേറെ പേരുടെ മരണത്തിന് കാരണമായെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
"മണിപ്പൂരിൽ സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാതെ ജനങ്ങൾ പ്രയാസപ്പെടുന്നത് നമ്മൾ കാണുന്നുണ്ട്. ബി.ജെ.പി സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളെ തമ്മിൽ പരസ്പരം പോരടിപ്പിച്ചു. ഒടുവിൽ കലാപത്തിലെത്തിച്ചു" - മമത പറഞ്ഞു.
സംസ്ഥാനത്തെ 11.36 ലക്ഷം ഗുണഭോക്താക്കളുടെ എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതിക്ക് കീഴിലുള്ള ഫണ്ട് ബി.ജെ.പി സർക്കാർ നിർത്തിയതായും മമത ചൂണ്ടിക്കാട്ടി. ഇത് ബി.ജെ.പിയുടെയോ കേന്ദ്ര സർക്കാരിന്‍റെയോ പണമല്ല. നമ്മുടേതാണ്. കേന്ദ്രസർക്കാർ നികുതിയായി ഈടാക്കി ജനങ്ങളിലേക്ക് തിരികെയേൽപ്പിക്കേണ്ട പണമാണെന്നും എന്നാൽ ബംഗാളിനുള്ള ഫണ്ട് കേന്ദ്രം നിർത്തിയെന്നും അവർ സൂചിപ്പിച്ചു.
സംസ്ഥാനത്തെ കോൺഗ്രസ് - സി.പി.എം പ്രവർത്തനത്തെയും മമത വിമർശിച്ചു. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ പ്രവർത്തനങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി മാറുകയാണ്. ബി.ജെ.പിയുടെ ഫണ്ട് വാങ്ങി ഭരണകൂടത്തെ തകർക്കാൻ സംസ്ഥാനത്ത് കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിക്കൊപ്പം ചേർന്നിരിക്കുകയാണെന്നും മമത ബാനർ കൂട്ടിച്ചേർത്തു.
ജൂലൈ എട്ടിനായിരിക്കും സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീ പാർട്ടികൾ തമ്മിൽ നടന്ന ആക്രമത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.