മതപരിവർത്തനം വർഗീയവത്കരിച്ച് ആദിവാസി മേഖലയിൽ കടന്നുകയറാൻ ബി.ജെ.പി
text_fieldsആദിവാസി ഭൂരിപക്ഷമുള്ള ബസ്തർ മേഖലയിലെ കോൺഗ്രസ് മുന്നേറ്റം തടയാൻ ക്രൈസ്തവ മതപരിവർത്തനം പ്രചാരണായുധമാക്കി ബി.ജെ.പി. മുൻമന്ത്രിയും ഹിന്ദുത്വ നേതാവുമായ കേദാർ കശ്യപ് മത്സരിക്കുന്ന ബസ്തറിലെ നാരായൺപുരിലാണ് മതപരിവർത്തന വിഷയം ആളിക്കത്തിക്കുന്നത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ആക്രമണങ്ങളാണ് അടുത്തിടെ മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് നാരായൺപുർ സീറ്റ് ബി.ജെ.പിക്ക് നഷ്ടമായത്. ആദിവാസി ധ്രുവീകരണം ശക്തമാക്കി നാരായൺപുരും ബസ്തറിലെ ആദിവാസി ഭൂരിപക്ഷമണ്ഡലങ്ങളും തിരിച്ചുപിടിക്കാനാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
നാരായൺപുർ മണ്ഡലത്തിൽ മാത്രം 20,000ത്തോളം പേർ മതം മാറിയിട്ടുണ്ടെന്നാണ് പ്രാദേശിക ബി.ജെ.പി നേതാക്കൾ പറയുന്നത്. ക്രൈസ്തവ മതപരിവർത്തനത്തിലൂടെ ആദിവാസികളുടെ തനതായ സംസ്കാരം നശിപ്പിക്കുകയാണെന്നും ഇതിന് കോൺഗ്രസ് സഹായിക്കുന്നതായും ബി.ജെ.പി ആരോപിക്കുന്നു. ആദിവാസികളും മതപരിവർത്തിത ആദിവാസികളും തമ്മിലുള്ള വിഭാഗീയത ബസ്തറിൽ കാണാനാകും. മതംമാറിയ ആദിവാസികൾ കടുത്ത അവഗണനയും ആക്രമണങ്ങളും നേരിടുന്നുണ്ടെന്ന് നാരായൺപുരിലെ ഉൾപ്രദേശത്തെ പള്ളിയിൽ വൈദികനായ മലയാളി പറഞ്ഞു.
മതംമാറിയവർക്ക് സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രാദേശിക വിലക്കുകളുണ്ട്. പ്രദേശത്തെ പള്ളികൾ ആക്രമിക്കപ്പെടുന്നു. ഇതിനെതിരെ പൊലീസ് നടപടിയുണ്ടാകുന്നില്ല. നടപടി സീകരിച്ചാൽ ഭൂരിപക്ഷ വോട്ടുബാങ്കിൽ വിള്ളൽവീഴുമെന്ന് സർക്കാർ ഭയക്കുന്നുണ്ടെന്നും വൈദികൻ പറഞ്ഞു.
മതം മാറിയ ആദിവാസി ഫൂൽസിങ് കച്ച്ലയാണ് സി.പി.ഐ സ്ഥാനാർഥി. നിരവധി തവണ ആക്രമണമുണ്ടായിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകാത്തതിൽ അസന്തുഷ്ടരാണ് മതപരിവർത്തിത ആദിവാസി ക്രിസ്ത്യൻ സമൂഹം. കോൺഗ്രസിന് പോകേണ്ട വോട്ടുകൾ സിപി.ഐക്ക് പോകുമെന്നും അതിനാൽ തങ്ങൾക്ക് വിജയപ്രതീക്ഷയുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. എന്നാൽ, മുൻകാലത്തെ അപേക്ഷിച്ച് ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.