ബി.ജെ.പി-ജെ.ഡി-എസ് സഖ്യം: സി.എം. ഇബ്രാഹീമിന്റെ തീരുമാനം 16ന്
text_fieldsബംഗളൂരു: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ജെ.ഡി-എസ് മാറിയതോടെ പാർട്ടി വിടാനൊരുങ്ങുന്ന ജെ.ഡി-എസ് കർണാടക പ്രസിഡന്റ് സി.എം. ഇബ്രാഹീം തീരുമാനം 16ന് പ്രഖ്യാപിക്കും.
കോൺഗ്രസിന്റെ കേന്ദ്രനേതാക്കളുമായും എൻ.സി.പി അധ്യക്ഷൻ ശരത്പവാർ, ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ എന്നിവരുമായും ബന്ധപ്പെട്ടുവരുകയാണെന്ന് സി.എം. ഇബ്രാഹീം പറഞ്ഞു.
പ്രമുഖ നേതാക്കളടക്കമുള്ളവരുമായി 16ന് കൂടിക്കാഴ്ച നടത്തും. അവരുടെകൂടി അഭിപ്രായം കണക്കിലെടുത്താകും രാഷ്ട്രീയഭാവി സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയെന്നും സി.എം. ഇബ്രാഹീം വ്യക്തമാക്കി.
ബി.ജെ.പിയുമായുള്ള സഖ്യത്തെ ജെ.ഡി-എസ് കേരളഘടകം പ്രത്യക്ഷമായി എതിർത്തതോടെ പാർട്ടി ചിഹ്നം സംബന്ധിച്ചും പ്രശ്നമുദിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ജെ.ഡി-എസിന് ശക്തിയുണ്ട്.
കേരളഘടകം നേതാക്കൾ തന്നെ കണ്ടിരുന്നു. അവർ പൂർണമായും സഖ്യത്തിനെതിരാണ്. സംസ്ഥാനനേതാക്കൾ പാർട്ടി വിട്ടാൽ ജെ.ഡി-എസിന് ചിഹ്നം നഷ്ടപ്പെട്ടേക്കാം. സഖ്യതീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയോട് അദ്ദേഹം അഭ്യർഥിച്ചു.
ബി.ജെ.പിക്കൊപ്പം ചേരാനുള്ള എച്ച്.ഡി. ദേവഗൗഡയുടെയും എച്ച്.ഡി. കുമാരസ്വാമിയുടെയും തീരുമാനത്തിൽ നേരത്തേ സി.എം. ഇബ്രാഹീം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
താനറിയാതെയാണ് പാർട്ടി നേതൃത്വം തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഖ്യം സംബന്ധിച്ച് ഇരുപാർട്ടികൾക്കിടയിലും ഒരു വ്യക്തതയുമില്ല. ജെ.ഡി-എസിന്റെ ആദർശം ബി.ജെ.പി അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ജെ.ഡി-എസ് കോർ കമ്മിറ്റി അംഗങ്ങൾ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തിയശേഷം സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കോർ കമ്മിറ്റി അംഗങ്ങൾ യാത്രതിരിക്കുംമുമ്പ് എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലെത്തി സഖ്യം പ്രഖ്യാപിച്ചു -ഇബ്രാഹീം പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി മുസ്ലിം നേതാക്കൾ ജെ.ഡി-എസിൽനിന്ന് രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.