അയോധ്യയിലെ പുതിയ പള്ളിക്ക് സംഭാവന: ഉവൈസിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി
text_fieldsഹൈദരാബാദ്: ബാബരി മസ്ജിദിന് പകരമായി അയോധ്യയിൽ നിർമിക്കുന്ന പള്ളിക്കായി സംഭാവന നൽകുന്നതും പ്രാർഥിക്കുന്നതും ഹറാം (നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. ഉവൈസിയുടെ പ്രസ്താവന അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് എൻ.വി സുഭാഷ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടന വായിക്കാൻ താൻ ഉവൈസിയോട് ആവശ്യപ്പെടും. ഭരണഘടന അനുസരിച്ച് ആർക്കും എവിടെയും പ്രാർഥനയും നമസ്കാരവും നടത്താമെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
ബാബരി മസ്ജിദിന് പകരമായി അയോധ്യയിൽ നിർമിക്കുന്ന പള്ളിക്കായി സംഭാവന നൽകുന്നതും പ്രാർഥിക്കുന്നതും ഹറാം (നിഷിദ്ധം) ആണെന്നാണ് ഉവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പള്ളി നിർമാണത്തിന് സംഭാവന ചെയ്യുന്നതിന് പകരം ആ പണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് മുസ്ലിംകൾ നൽകണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
പള്ളി നിർമാണവുമായി ബന്ധപ്പെട്ട് മതപണ്ഡിതർ, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലെ മുഫ്തികൾ, ഉലമകൾ എന്നിവരിൽനിന്ന് മതപരമായ അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉവൈസി പറഞ്ഞിരുന്നു.
"ആ നിർമിതിയെ ആരും മസ്ജിദ് എന്ന് വിളിക്കരുത്, അവിടെ പ്രാർഥനകൾ നടത്താൻ കഴിയില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പ്രാർഥന നടത്തുന്നതും നിർമാണത്തിന് സംഭാവന നൽകുന്നത് ഹറാമാണ് (അനുവദനീയമല്ല)' -ഉവൈസി വ്യക്തമാക്കി. "സേവ് കോൺസ്റ്റിറ്റ്യൂഷൻ-സേവ് ഇന്ത്യ" എന്ന വിഷയത്തിൽ ബിദാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.