മുസ്‌ലിം പള്ളികളും ഗുരുദ്വാരകളും ഇല്ലാതാക്കണമെന്ന പരാമർശം; നേതാവിനെ പുറത്താക്കി ബി.ജെ.പി
text_fieldsജയ്പൂർ: ഗുരുദ്വാരകളും മുസ്‌ലിം പള്ളികളും ഇല്ലാതാക്കണമെന്ന പരാമർശത്തിന് പിന്നാലെ ബി.ജെ.പി നേതാവിനെ പുറത്താക്കി പാർട്ടി. അൽവാറിൽ നിന്നുള്ള പാർട്ടി നേതാവായ സന്ദീപ് ദയ്മയെയാണ് പാർട്ടി പുറത്താക്കിയത്. രാജസ്ഥാൻ ബി.ജെ.പി അച്ചടക്ക സമിതി അധ്യക്ഷൻ ഓങ്കാർ സിങ് ലഖാവത് ആണ് ദയ്മയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
ദയ്മയുടെ പരാമർശം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ദയ്മയെ സംസ്ഥാന അധ്യക്ഷന്‍റെ നിർദേശപ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കുകയാണെന്നും ഓങ്കാർ സിങ് അറിയിച്ചു.
രാജസ്ഥാനിലെ തിജാര നിയോജകമണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗുരുദ്വാരകളും മുസ്‌ലിം പള്ളികൾക്കുമെതിരായ അദ്ദേഹത്തിന്‍റെ പരാമർശം. ഇവിടെ എത്ര മുസ്‌ലിം പള്ളികളും ഗുരുദ്വാരകളുമാണ് നിർമിക്കപ്പെടുന്നതെന്ന് നോക്കൂ. ഇത് ഭാവിയിൽ നമുക്ക് ഒരു വ്രണമായി മാറും. അതുകൊണ്ടാണ് ഈ അൾസർ പിഴുതെറിയുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടതെന്നും ബാബാ ബാലക് നാഥ്ജി വൻ ഭൂരിപക്ഷത്തിൽ വിജയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദയ്മയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. തന്‍റെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ദയ്മ രംഗത്തെത്തിയിരുന്നു. ഗുരുദ്വാരകളെ കുറിച്ചുള്ള പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്നും വരും ദിവസങ്ങളിൽ ഗുരുദ്വാരകളിൽ നേരിട്ടെത്തി മാപ്പറിയിക്കാൻ തയ്യാറാണെന്നും ദയ്മ വ്യക്തമാക്കിയിരുന്നു.
നേതാവിനെ പുറത്താക്കിക്കൊണ്ടുള്ള പാർട്ടി നടപടി സ്വാഗതാർഹമാണെന്നായിരുന്നു പഞ്ചാബ് ബി.ജെ.പിയുടെ പ്രതികരണം. ദയ്മയുടെ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നും സമൂഹത്തിൽ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ് ബി.ജെ.പി ഘടകം പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.