ശിവാജിയുടെ പ്രതിമ അതേസ്ഥലത്ത് അതിലും വലുപ്പത്തിൽ നിർമിക്കുമെന്ന് ബി.ജെ.പി നേതാവ് ഫഡ്‌നാവിസ്
text_fieldsമുംബൈ: ഛത്രപതി ശിവാജിയുടെ തകർന്ന പ്രതിമക്ക് പകരം അതേസ്ഥലത്ത് അതിലും വലുത് നിർമിക്കുമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ്. തകർന്ന പ്രതിമയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാറല്ല, ഇന്ത്യൻ നേവിയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലല്ല, നാവികസേനയുടെ മേൽനോട്ടത്തിലായിരുന്നു പ്രതിമയുടെ നിർമാണം. പ്രതിമ നിർമിക്കാനും സ്ഥാപിക്കാനും ഉത്തരവാദികളായ വ്യക്തികൾ കാറ്റിന്റെ വേഗതയും ഉപയോഗിച്ച ഇരുമ്പിന്റെ ഗുണനിലവാരവും പോലുള്ള ഘടകങ്ങൾ അവഗണിച്ചിരിക്കാം. കടൽക്കാറ്റുമായി സമ്പർക്കം പുലർത്തുന്നതിനാൽ പ്രതിമ തുരുമ്പെടുക്കാൻ കൂടുതൽ സാധ്യതയുണ്ട്. തകർച്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതേ സ്ഥലത്ത് ഛത്രപതി ശിവാജി മഹാരാജിന്റെ കൂടുതൽ വലിയ പ്രതിമ നിർമിക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം’ -ഫട്നാവിസ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ പ്രതിമയുടെ തകർച്ച സർക്കാറിനെതിരെ ആയുധമാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ, പ്രതിമ തകർന്നത് വേദനാജനകമാണെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അരോചകമാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാന സർക്കാറുമായി സഹകരിച്ചാണ് പ്രതിമ നിർമിച്ചതെന്ന് വിശദീകരിച്ച നാവിക സേന, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരാറുകാരൻ ജയദീപ് ആപ്‌തേക്കും നിർമാണ മേൽനോട്ടം വഹിച്ച ചേതൻ പാട്ടീലിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ കഴിഞ്ഞ ഡിസംബർ നാലിന് നാവികസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ 35 അടി ഉയരത്തിലുള്ള പ്രതിമ തിങ്കളാഴ്ച വൈകീട്ടാണ് തകർന്നുവീണത്. പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്. ഇത്രപെട്ടെന്ന് പ്രതിമ തകർന്നതോടെ കോടികൾ ചെലവിട്ട നിർമാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.