'നവാബ് മാലിക്ക് കാരണം ജീവന് ഭീഷണി'; നിയമനടപടിക്കൊരുങ്ങി എൻ.സി.ബി റെയ്ഡിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകൻ
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകൻ മനീഷ് ഭനുഷാലി.
കേസിലേക്ക് തന്‍റെ പേര് വലിച്ചിഴച്ചുവെന്നും ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നത്. നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേരാണ് കേസിൽ അറസ്റ്റിലായത്.
'പത്രസമ്മേളനം കാരണം എന്‍റെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഏതാനും ബി.ജെ.പി നേതാക്കളെയും എന്നെയും അദ്ദേഹം അപകീർത്തിപ്പെടുത്തി. ഞാൻ ഉടൻ നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കും' -മനീഷ് ഭനുഷാലി പറഞ്ഞു.
റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് മന്ത്രി നവാബ് മാലിക് വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
എന്നാൽ, ആഡംബര കപ്പലിലെ ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് മനീഷ് ഭൻഷാലി അവകാശപ്പെടുന്നത്. എൻ.സി.ബിയെ സമീപിക്കാൻ തന്‍റെ സുഹൃത്താണ് നിർദേശിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലക്കാണ് അവരെ സമീപിച്ചത്. എൻ.സി.ബിക്കും ഇതുസംബന്ധിച്ച ചെറിയ വിവരം ഉണ്ടായിരുന്നെങ്കിലും വിശദമായ വിവരം നൽകിയത് ഞങ്ങളാണ്. ഒക്ടോബർ രണ്ടിന് റെയ്ഡ് നടപ്പാക്കുമ്പോൾ ഞങ്ങളും ഒപ്പമുണ്ടായിരുന്നു.
ഞാൻ എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നെങ്കിലും പ്രതിയെ പിടിച്ച് നടക്കുന്നതായി തോന്നിയത് ഇടുങ്ങിയ വഴിയായതിനാലാണ്. ഇക്കാര്യത്തിൽ മന്ത്രി നവാബ് മാലിക് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഭനുഷാലി പറഞ്ഞു. ഷാരൂഖ് ഖാന്‍റെ മകൻ പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. എൻ.സി.ബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ മികച്ച ഉദ്യോഗസ്ഥനാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മനീഷ് ഭനുഷാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.