മമതയെയല്ല, പെട്രോൾ വിലയെയാണ് എതിർക്കേണ്ടത് -സുവേന്ദുവിനോട് ബി.ജെ.പി നേതാവ് രാജിബ് ബാനർജി
text_fieldsകൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെയല്ല, കുതിച്ചുയരുന്ന െപട്രോൾ വിലയെയാണ് എതിർക്കേണ്ടതെന്ന് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവായ ബി.ജെ.പിയിലെ സുവേന്ദു അധികാരിയോട് മുതിർന്ന ബി.ജെ.പി നേതാവ് രാജിബ് ബാനർജി. ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ മമത ബാനർജിയെ അനാവശ്യമായി ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു.
തൃണമൂൽ നേതാക്കളും മന്ത്രിമാരുമായിരുന്ന സുവേന്ദുവും രാജിബും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി എം.എൽ.എയായ സുവേന്ദു അധികാരി, തൃണമൂൽ വിട്ടതുമുതൽ മമതയുടെ കടുത്ത വിമർശകനാണ്. ഈ സാഹചര്യത്തിലാണ് ആവശ്യത്തിനും അനാവശ്യത്തിനും മുഖ്യമന്ത്രിെയ ഉന്നമിടുന്നതിൽ രാജിബ് വിയോജിപ്പ് പ്രകടമാക്കിയത്.
"സംസ്ഥാനം ഭരിക്കാൻ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കടന്നാക്രമിക്കരുതെന്ന് ഞാൻ പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥിക്കുകയാണ്. ബംഗാളിലെ ജനങ്ങൾ അവരുടെ പാർട്ടിക്ക് 213 സീറ്റുകൾ നൽകിയിട്ടുണ്ട്. അവർക്കെതിരെ അന്യായമായ ആക്രമണം നടത്തുന്നതിന് പകരം, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിലക്കയറ്റം ജനങ്ങളെ കൂടുതൽ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക" -രാജിബ് ബാനർജി പറഞ്ഞു.
രാജിബ് ബാനർജിയുടെ പ്രസ്താവന ശരിയാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ''രാജിബ് പറഞ്ഞത് ശരിയാണ്. ഭരണം നടത്താൻ സംസ്ഥാന ജനത തെരഞ്ഞെടുത്ത നമ്മുടെ നേതാവിനെ സുവേന്ദു അധികാരി അനാവശ്യമായി വിമർശിക്കുന്നു. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിനെതിരെ ബി.ജെ.പിക്കാർ ഒരു വാക്കുപോലും ഉരിയാടുന്നില്ല'' -ഘോഷ് പറഞ്ഞു.
രാജിബ് ബാനർജി അടുത്തിടെ കുനാൽ ഘോഷുമായും മുതിർന്ന തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, രാജിബ് ബി.ജെ.പി വിടുമെന്ന അഭ്യൂഹത്തെകുറിച്ച് തനിക്ക് അറിയില്ലെന്ന് കുനാൽ ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.