കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു; ബി.ജെ.പി നേതാവ് ആശുപത്രിയിലേക്ക് കാർ ഇടിച്ചുകയറ്റി -വീഡിയോ വൈറൽ
text_fieldsകോവിഡ് ബാധിച്ച് അച്ഛൻ മരിച്ചതിനെ തുടർന്ന് ബി.ജെ.പി നേതാവ് ആശുപത്രിയിലേക്ക് കാർ ഇടിച്ചുകയറ്റി. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാസിക് കോവിഡ് ആശുപത്രിയിലാണ് സംഭവം. ബിജെപി നേതാവ് രാജേന്ദ്ര താജ്‌നെ ആശുപത്രിയിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവം ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിയുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം താജ്‌നെയുടെ പിതാവിനെ നഗരത്തിലെ ബൈക്റ്റോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം പിന്നീട് രോഗംമൂർച്ഛിച്ച് ആശുപത്രിയിൽവച്ച് മരിച്ചു. വെളുത്ത ടൊയോട്ട ഇന്നോവ ആശുപത്രിയുടെ ഗ്ലാസ് കവാടത്തിലൂടെ ഓടിച്ചുകയറ്റുന്നതായാണ് വീഡിയോയിലുള്ളത്. ഇടനാഴിയിലുണ്ടായിരുന്ന നഴ്‌സ് കഷ്ടിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. താജ്‌നെ വാഹനത്തിൽ നിന്നിറങ്ങി പോകുന്നതും വീഡിയോയിൽ കാണാം. താജ്‌നെയുടെ ഭാര്യ സീമ നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ്. വീഡിയോ വൈറലായതോടെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് നാസിക് ഡിസിപി വിജയ് എം. ഖരത് പറഞ്ഞു.
1,887 പുതിയ കേസുകൾ
ശനിയാഴ്ച 1,887 പുതിയ കേസുകളാണ് നാസികിൽ മാത്രം രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,66,635 ആയി. വെള്ളിയാഴ്ച 36 പേർ മരിച്ചു. ആകെ മരണം 4,040 ആയി. ഏറ്റവും കൂടുതൽ ആളപായമുണ്ടായവരിൽ 13 പേർ നാസിക് മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) പ്രദേശത്തുനിന്നും 20 പേർ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും മൂന്ന് പേർ മാലേഗാവിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിെൻറ കണക്കനുസരിച്ച് 34,848 പുതിയ കൊറോണ വൈറസ് കേസുകൾ മഹാരാഷ്ട്രയിലാകമാനം റിപ്പോർട്ട് ചെയ്തു. മൊത്തം എണ്ണം 53,44,063 ആയി. 59,073 പുതിയ റിക്കവറികളോടെ സംസ്ഥാനത്തെ മൊത്തം ഡിസ്ചാർജ് രോഗികളുടെ എണ്ണം 47,67,053 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 960 മരണങ്ങൾ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 80,512 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.