മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗൂഡാലോചന നടത്തി; ദൃശ്യങ്ങൾ പുറത്തു വിട്ട് ബി.ജെ.പി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി (എം.വി.എ) സർക്കാർ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ സംസ്ഥാന ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിന്‍റെ തെളിവെന്ന് അവകാശപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങളും ബി.ജെ.പി പുറത്ത് വിട്ടിട്ടുണ്ട്. പാർട്ടി നേതാവായ ഷെഹ്‌സാദ് ജയ് ഹിന്ദാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
2018-ൽ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് ഗിരീഷ് മഹാജനെതിരെ ഗൂഢാലോചന, പിടിച്ചുപറി, മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 14 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ ചവാൻ വ്യക്തിപരമായി എഫ്.ഐ.ആർ തയ്യാറാക്കുകയും, സംസ്ഥാന അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡുകൾ ആസൂത്രണം ചെയ്ത് മഹാജനെ കേസിൽ കുടുക്കാൻ വ്യാജ തെളിവുകളുണ്ടാക്കിയെന്നും ഫഡ്നാവിസ് ആരോപിച്ചു.
അഭിഭാഷകൻ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഗൂഢാലോചനയുടെ 125 മണിക്കൂർ ദൈർഘ്യമുള്ള സംഭാഷണ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർക്ക് സമർപ്പിച്ചുവെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
കേന്ദ്ര അന്വേഷണ ഏജൻസികളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടും മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനാലുമാണ് ഫഡ്‌നാവിസ് മഹാരാഷ്ട്ര സർക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
എന്തൊക്കെ ശ്രമങ്ങൾ നടന്നാലും എം.വി.എ സർക്കാർ സംസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് സംസ്ഥാന സർക്കാർ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.