ബി.ജെ.പി നേതാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു; മാവോയിസ്റ്റുകളെന്ന് പൊലീസ്
text_fieldsഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് നാരായൺപൂർ ജില്ലയിലെ ബസ്താൻ മേഖലയിൽ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നതാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.
നാരായൺപുർ ജില്ലയിലെ ബി.ജെ.പി യൂനിറ്റ് വൈസ് പ്രസിഡന്റ് സാഗർ സാഹു എന്നയാളാണ് മരിച്ചത്. ബസ്താർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ ബി.ജെ.പി നേതാവാണ് കൊല്ലപ്പെടുന്നത്.
ഛോട്ടെദോങ്ഗറിലെ വീട്ടിൽ കുടുംബാംഗങ്ങൾക്ക് മുന്നിലാണ് സാഹു വെടിയേറ്റ് മരിച്ചത്. അജ്ഞാതരായ രണ്ടുപേർ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി സാഹുവിനെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സാഹുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നാരായൺപുർ ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയെങ്കിലും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും മാവോയിസ്റ്റുകളായിരിക്കും കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ എല്ലാ തലത്തിലും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.