അന്നപൂരണിയുടെ നിർമാതാക്കളായ സീ സ്റ്റുഡിയോ നിരോധിക്കണമെന്ന് ബി.ജെ.പി നേതാവ്
text_fieldsചെന്നൈ: നയൻതാരയുടെ വിവാദ ചിത്രമായ അന്നപൂരണിയുടെ നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് ടി. രാജ സിങ്. അന്നപൂരണിയുടെ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോ നിരോധിക്കണമെന്ന് രാജ സിങ് ആരോപിച്ചു. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് വ്യാഴാഴ്ച നെറ്റ്ഫ്ലിക്‌സ് തമിഴ് സിനിമ നീക്കം ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഇതുപോലുള്ള സിനിമകൾ നിർമിക്കുന്നത് പലതവണ കണ്ടതാണെന്നും അത്തരം സിനിമകൾ നിർമിക്കുന്ന സംവിധായകനെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിക്കുന്നതായും രാജ സിങ് പറഞ്ഞു. സംഭവത്തിൽ സീ സ്റ്റുഡിയോ ക്ഷമാപണം നടത്തിയതുകൊണ്ട് മാത്രമായില്ലെന്നും രാജ സിങ് പറഞ്ഞു.
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന തരത്തിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം നീക്കിയത്. ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിൽ നയൻതാരക്കും ചിത്രത്തിലെ അണിയറപ്രവർത്തകർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഒരു യാഥാസ്ഥിതിക ബ്രാഹ്മൺ കുടുംബത്തിൽ ജനിച്ചു വളർന്ന അന്നപൂരണി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്.
നയൻതാരയുടെ കഥാപാത്രം മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. ചിത്രത്തിലെ രംഗങ്ങൾ വിവാദമായതോടെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോസ് ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്ത് പുതിയ പതിപ്പ് പുറത്തിറക്കുമെന്നും അറിയിച്ചിരുന്നു. ഡിസംബർ ഒന്നിന് തിയറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.