'അമിത് ഷാ ശകാരിച്ചതല്ല, ഉപദേശിച്ചത്'; വിശദീകരണവുമായി തമിഴിസൈ സൗന്ദർരാജൻ
text_fieldsചെന്നൈ: അമിത് ഷാ ശകാരരൂപേണ സംസാരിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടത്താനാണ് അമിത് ഷാ ഉപദേശിച്ചതെന്ന് സൗന്ദർരാജൻ പറഞ്ഞു. എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ആന്ധ്രയിലെത്തിയ അമിത് ഷാ തന്നോട് തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളെ കുറിച്ചും വെല്ലുവിളികളുമാണ് ചോദിച്ചറിഞ്ഞത്. സമയക്കുറവ് കാരണം വളരെ ഉത്കണ്ഠയോടെയാണ് അദ്ദേഹം സംസാരിച്ചത്. തുടർന്ന് അമിത് ഷാ രാഷ്ട്രീയ-നിയമസഭ മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നിർവഹിക്കാൻ നിർദേശിക്കുകയും ചെയ്തുവെന്ന് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ വിവാദങ്ങൾ വേണ്ടെന്നും അവർ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവും മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ അമിത് ഷാ പരസ്യമായി താക്കീത് ചെയ്യുന്ന വിഡിയോ പുറത്ത് വന്നിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയായിരുന്നു സംഭവം.
സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സൗന്ദർരാജൻ ബി.ജെ.പി നേതാക്കൾക്ക് ആശംസയറിയിച്ച് നടന്നു നീങ്ങുന്നതിനിടെ അമിത് ഷാ അവരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അമിത് ഷാ ഇവരോട് അനിഷ്ടത്തോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമിത് ഷാക്ക് വിശദീകരണം നൽകാൻ സൗന്ദർരാജൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ വിശദീകരണം അദ്ദേഹം അംഗീകരിക്കുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.