യൂനിഫോം കീറുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി: സ്വയം വസ്ത്രങ്ങൾ കീറിയെറിഞ്ഞ് എ.എസ്.ഐ - വൈറലായി വിഡിയോ
text_fieldsസിങ്‌ഗ്രൗളി (മധ്യപ്രദേശ്): പൊലീസുകാരന്റെ യൂനിഫോം കീറുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി. തുടർന്ന് സ്വയം വസ്ത്രങ്ങൾ കീറിയെറിഞ്ഞ് എ.എസ്.ഐ. വിഡിയോ മധ്യപ്രദേശിൽ വൈറലായി.
ബി.ജെ.പി കോർപ്പറേറ്റർ ഗൗരി ഗുപ്തയുടെ ഭർത്താവും ബി.ജെ.പി. പാർട്ടി പ്രാദേശിക നേതാവുമായ അർജുൻ ഗുപ്തയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് മിശ്ര തന്റെ യൂനിഫോം വലിച്ചുകീറിയത്. സിങ്ഗ്രൗളിയിലെ വൈധാൻ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ളതാണ് വിഡിയോ.
തുടർന്ന് മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ‘സംസ്ഥാനത്തെ പോലീസിന്റെ നില പൂജ്യമായി. കുറ്റകൃത്യങ്ങൾ അനിയന്ത്രിതമാണ്, കുറ്റവാളികൾ നിർഭയരാണ്, ചില സ്ഥലങ്ങളിൽ പോലീസ് നിസ്സഹായരാണ്, മറ്റിടങ്ങളിൽ സമ്മർദ്ദത്തിലാണ്’. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ഫെബ്രുവരിയിലെ വിഡിയോയെക്കുറിച്ച് അന്നത്തെ എസ്.പി യൂസഫ് ഖുറൈഷി അന്വേഷണം ആരംഭിച്ചതായി അഡീഷനൽ പോലീസ് സൂപ്രണ്ട് ശിവകുമാർ വർമ പറഞ്ഞു. ഒരു ഡ്രെയിനേജിന്റെ നിർമ്മാണത്തെ ചൊല്ലിയാണ് ഇരുവരും തർക്കമുണ്ടായത്. തുടർന്നും പ്രക്ഷോഭം തുടർന്നാൽ വിനോദ് മിശ്രയുടെ യൂനിഫോം കീറുമെന്ന് പറയുക മാത്രമാണ് താൻ ചെയ്തതെന്ന് ഗുപ്ത അവകാശപ്പെട്ടു.
എന്നാൽ, പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സുധേഷ് തിവാരിയുടെ സാന്നിധ്യത്തിൽ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറുമെന്നും സർവീസിൽ നിന്ന് പുറത്താക്കുമെന്നും ഗുപ്ത ഭീഷണിപ്പെടുത്തിയെന്നും അപമാനം സഹിക്കാൻ കഴിയാതെ യൂനിഫോം സ്വയം കീറുകയായിരുന്നെന്നും വിനോദ് മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.