അഞ്ച് കോടിയുമായി എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെ പിടികൂടി; മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍
text_fieldsമുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ വൻ നാടകീയ സംഭവങ്ങൾ. വോട്ടർമാരെ സ്വാധീനിക്കാൻ അഞ്ചുകോടിയുമായി വിരാറിലെ ഹോട്ടലിൽ എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വളഞ്ഞ് ബഹുജൻ വികാസ് അഘാഡി(ബി.വി.എ)പ്രവർത്തകർ.
പല്‍ഖാര്‍ ജില്ലയിലെ ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ പൊലീസ് കേസെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. പൊലീസ് എത്ത് താവ്ഡെയെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ ബാഗില്‍ നിന്ന് നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബി.ജെ.പി സ്ഥാനാർഥി രാജൻ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്ഡെ എത്തിയതെന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആരോപണം താവ്ഡെ തള്ളി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നമെന്നും താവ്ഡെ ആവശ്യപ്പെട്ടു. പോളിങ്ങിനെയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെയും കുറിച്ച് സ്ഥാനാർഥിയുമായി ചർച്ച ചെയ്യാനായി എത്തിയ തന്നെ തടഞ്ഞുനിർത്തുകയായിരുന്നുവെന്നാണ് താവ്ഡെയുടെ വാദം. 'അവർ വിചാരിച്ചത് ഞാൻ പണം കൈമാറാനായി എത്തിയതാണെന്നാണ്. തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ എന്റെ വാഹനം പരിശോധിച്ചതാണ്. എന്നാൽ ഒന്നും കണ്ടെത്തിയിട്ടില്ല. അവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണം.'-താവ്ഡെ പറഞ്ഞു.
വിരാർ ഈസ്റ്റിലെ വിവന്ത ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബി.ജെ.പി സ്ഥാനാർഥിയായ രാജൻ നായിക്കുമായുള്ള കൂടിക്കാഴ്ചക്കായി ഹോട്ടലിൽ എത്തിയതാണ് താവ്ഡെ എന്നാണ് പറയുന്നത്. നലസോരപ്പ മണ്ഡലത്തിലാണ് രാജൻ നായിക്ക് മത്സരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ അവിടേക്ക് വന്ന ബി.വി.എ പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന് ആരോപണമുയർത്തി. താവ്ഡെയുടെ ബി.ജെ.പിയുടെ അനുയായികളും ആരോപണം നിഷേധിച്ചു. ബി.വി.എ തെറ്റിദ്ധരിച്ചതാണെന്നും പണം വിതരണം ചെയ്തുവെന്നത് അവർ കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി ആരോപിച്ചു.
വിവാദത്തിൽ ശിവസേന എം.പി സഞ്ജയ് റാവുത്ത് പ്രതികരണവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ട ജോലി താക്കൂറുകൾ കൃത്യമായി ചെയ്തുവെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പരിഹാസം.
15 കോടി വിതരണം ചെയ്യാനുള്ള ഡയറി രേഖകൾ കണ്ടെടുത്തുവെന്ന് വാസായ് എം.എൽ.എ ക്ഷിജിത് താക്കൂർ അവകാശപ്പെട്ടു. അതിനിടെ താവ്ഡെ തന്നെ പലതവണ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായി എം.എൽ.എയുടെ പിതാവ് ഹിതേന്ദ്ര താക്കൂറും പറഞ്ഞു. ഗുണ്ടാനേതാവ് ഭായ് താക്കൂറിന്റെ സഹോദരനാണ് ഹിതേന്ദ്ര താക്കൂർ. വാസായ് മണ്ഡലത്തിൽനിന്ന് രണ്ടാം തവണയും ജനവിധി തേടുകയാണ് ക്ഷിജിത്.
''വിനോദ് താവ്ഡെ അഞ്ചുകോടിയുമായി വരുമെന്നാണ് എന്നോട് ബി.ജെ.പി പ്രവർത്തകർ പറഞ്ഞത്. പ്രവർത്തകർക്കൊപ്പം ഞാനും അവിടെയെത്തി. ഒന്നും എഴുതാത്ത ഒരു ഡയറി ഞങ്ങൾക്ക് കിട്ടി. പൊലീസും തെരഞ്ഞെടുപ്പ് കമീഷനും നടപടിയെടുക്കണം. സി.സി.ടി.വി നെറ്റ്‍വർക്ക് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ സംഭവത്തിൽ ഹോട്ടൽ അധികൃതർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. അവർക്കെതിരെയും നടപടി വേണം.''-താക്കൂർ പറഞ്ഞു.
40 വർഷമായി രാഷ്ട്രീയരംഗത്തുണ്ടെന്നും ഹിതേന്ദ്ര താക്കൂറിനും ക്ഷിജിത് താക്കൂറിനും വർഷങ്ങളായി തന്നെ അറിയാമെന്നും താവ്ഡെ പറഞ്ഞു. പണം കൈമാറാനാണ് വരുന്നത് എന്നാണ് അവർ കരുതിയത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കണമെന്നും താവ്ഡെ പറഞ്ഞു. ബി.ജെ.പിയുടെ മുൻ മന്ത്രിയായ താവ്ഡെ ബിഹാറിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.