ഹരിയാനയിൽ കാലിടറി ബി.ജെ.പി; സംസ്ഥാന അധ്യക്ഷനും ഏഴ് മന്ത്രിമാരും തോൽവിയിലേക്ക്
text_fieldsചണ്ഡീഗഡ്: ഹരിയാനയിൽ വോട്ടുകളെണ്ണി മണിക്കൂറുകൾ പിന്നിടവെ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി നാണംകെട്ട അവസ്ഥയിൽ. തെ രഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് കാബിനറ്റ് മന്ത്രിമാർ, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ, വിധാൻ സഭാ സ്പീക്കർ എന്നിവർ വലിയ വോട്ടിൽ തോൽവിയിലേക്ക് നീങ്ങുകയാണ്.
ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബരാല 12,000 വോട്ടുകൾക്ക് പിന്നിലാണ്. പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹം പ്രസിഡൻറ് പദവി രാജിവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മന്ത്രി കവിത ജെയിൻ സോണിപത്തിൽ 25,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായ ടിക് ടോക്ക് താരം സോണാലി ഫോഗാറ്റ് കോൺഗ്രസിൻെറ കുൽദീപ് ബിഷ്നോയിയോട് 14,000 വോട്ടുകൾക്ക് പിന്നിലാണ്.
നിലവിൽ ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 90 അംഗ സഭയിൽ ആരും 46 സീറ്റ് നേടി കേവലഭൂരിപക്ഷം കരസ്ഥമാക്കില്ലെന്നാണ് സൂചന. ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി ഒമ്പത് സീറ്റുകളിൽ ലീഡ് ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്കോ കോൺഗ്രസിനോ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ദുഷ്യന്ത് ചൗതാല കിങ് മേക്കറാവും. ജെ.ജെ.പിയോടും സ്വതന്ത്ര സ്ഥാനാർത്ഥികളോടും കോൺഗ്രസിനെ പിന്തുണക്കാൻ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ അഭ്യർത്ഥിച്ചു. ബി.ജെ.പിക്കെതിരായ ജനവികാരമാണിതെന്നും സർക്കാർ രൂപീകരിക്കാൻ മുഴുവൻ പ്രതിപക്ഷവും കൈകോർക്കണമെന്നും ഹൂഡ റോഹ്തക്കിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ബി.ജെ.പി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഖട്ടർ ന്യൂഡൽഹിയിലെത്തിയെന്നും പാർട്ടി ഹൈക്കമാൻഡുമായി ചർച്ച നടത്തുകയാണെന്നും ഫരീദാബാദ് എം.പി കൃഷൺപാൽ പറഞ്ഞു. ആളുകൾ ബി.ജെ.പിക്കായി വോട്ട് ചെയ്തു, മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ സർക്കാർ രൂപീകരിക്കും. കുറച്ചു സമയം കൂടി കാത്തിരിക്കണം- കൃഷൺപാൽ പറഞ്ഞു. സ്വതന്ത്രർക്ക് വൻ വാഗ്ദാനങ്ങൾ നൽകി ഭരണം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.