ബി.ജെ.പി നുണ പൊളിഞ്ഞു; 'മുസ്‍ലിംകൾ കൊന്ന' യുവാവ് മുങ്ങിമരിച്ചതാണെന്ന് സി.ബി.ഐ
text_fieldsബംഗളൂരു: കർണാടകയിൽ അഞ്ചുവർഷം മുമ്പ് മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ മുസ്ലിംകൾ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം ഒടുവിൽ സി.ബി.ഐ അന്വേഷണത്തിൽ പൊളിഞ്ഞു. യുവാവിന്‍റേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നും കണ്ടെത്തിയ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് ഹൊന്നവൂർ കോടതിയിൽ സമർപ്പിച്ചു.
നവംബർ 14ന് കോടതി ഇക്കാര്യം പരിഗണിക്കും. കസ്റ്റഡിയിലെടുത്തവർക്ക് മരണത്തിൽ പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
കോൺഗ്രസ് ഭരണകാലമായ 2017 ഡിസംബർ ആറിനാണ് ഉത്തര കന്നട ജില്ലയിലെ ഹൊന്നവൂർ ടൗണിൽ നടന്ന വർഗീയ സംഘർഷത്തിനുശേഷം പരേഷ് മേസ്ത എന്ന 19കാരനെ മരിച്ച നിലയിൽ തടാകത്തിൽ കാണപ്പെടുന്നത്.
രണ്ട് ദിവസം മുമ്പേ ഇയാളെ കാണാതായിരുന്നു. യുവാവിനെ മുസ്ലിംകൾ മർദിച്ച് കൊല്ലുകയായിരുന്നൂവെന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി വൻപ്രചാരണം നടത്തി. ഡിസംബർ 12ന് ബി.ജെ.പി നടത്തിയ സമരത്തിൽ പൊലീസിന് നേരെ വൻകല്ലേറുണ്ടാവുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.
ഏഴുപൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് പിറ്റേ ദിവസംതന്നെ കോൺഗ്രസ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. അന്വേഷത്തിന്റെ ഭാഗമായി സി.ബി.ഐ മൂന്ന് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അവരെ വിട്ടയച്ചു.
അതേസമയം, സി.ബി.ഐ അന്വേഷണറിപ്പോർട്ട് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ സിദ്ദരാമയ്യ പറഞ്ഞു.
നിരപരാധിയായ ഒരു യുവാവിന്‍റെ മരണം അനാരോഗ്യകരവും അധാർമികവുമായ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും നാണം അവശേഷിക്കുന്നെങ്കിൽ അവർ മാപ്പുപറയണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.