ബി.ജെ.പി: അൽപം കുറഞ്ഞ വോട്ടുവിഹിതം; ഏറെ കൂടിയ സീറ്റ് നഷ്ടം
text_fieldsന്യൂഡൽഹി: ദേശീയതലത്തിൽ വോട്ടുവിഹിതത്തിന്റെ കണക്ക് നോക്കിയാൽ ബി.ജെ.പിക്ക് ഗുരുതര പരിക്കില്ലെന്ന് തോന്നും. എന്നാൽ, പാർട്ടിയുടെ സീറ്റിന്റെ എണ്ണത്തിലേക്ക് കണ്ണോടിച്ചാൽ ജനങ്ങളുടെ ‘ആക്രമണ’ത്തിന്റെ സ്വഭാവം വ്യക്തമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ബി.ജെ.പിക്ക് കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം. വോട്ട് വിഹിതത്തിൽ പിടിച്ചുനിന്നെന്ന് പറയാം. എന്നാൽ, ഒരു ശതമാനത്തിൽ നഷ്ടമായത് 63 സീറ്റുകളാണ്. ഒപ്പം കേവല ഭൂരിപക്ഷമായ 272 സീറ്റുകൾ ലഭിക്കാതിരിക്കാനും ഒരു ശതമാനം വോട്ടുകുറവ് കാരണമായിയെന്നതാണ് ശ്രദ്ധേയം. അതേസമയം, കോൺഗ്രസിന് കൂടിയത് 2.22 ശതമാനം. വർധിച്ച സീറ്റുകൾ 47 എണ്ണവും. 36.56 ശതമാനമാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം. കഴിഞ്ഞ തവണ 37.3 ആയിരുന്നു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ വിഹിതം കുതിച്ചെങ്കിലും സീറ്റുകൾ കൂടുതൽ ലഭിച്ചില്ല. ശക്തികേന്ദ്രങ്ങളായ യു.പിയിലും രാജസ്ഥാനിലും വോട്ടുവിഹിതം കുറഞ്ഞതിനൊപ്പം സീറ്റും കുറഞ്ഞു. ദേശീയ തലത്തിൽ 2.34 ശതമാനമുണ്ടായിരുന്ന ഡി.എം.കെയുടെ വോട്ടുകൾ 2.34ൽനിന്ന് 1.82 ആയി കുറഞ്ഞിരുന്നു. എന്നാൽ, തമിഴക പാർട്ടി സീറ്റുകൾ തൂത്തുവാരി. ആന്ധ്രപ്രദേശിൽ ടി.ഡി.പിക്കും വോട്ടുവിഹിതം കുറഞ്ഞെങ്കിലും സീറ്റുകളിൽ നേട്ടമുണ്ടായി.
വോട്ടുവിഹിതത്തിലെ ചെറിയ മാറ്റം എങ്ങനെയാണ് സീറ്റ് കണക്കിൽ ഇത്ര വലിയ മാറ്റത്തിന് കാരണമായത്? സംസ്ഥാനങ്ങളിലെ വോട്ടുകൾ ചേരുമ്പോഴാണ് ദേശീയ വോട്ട് വിഹിതമാകുന്നത്. മികച്ച വോട്ട് വിഹിതമുണ്ടെങ്കിലും ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കാത്ത സംസ്ഥാനങ്ങൾ നിരവധിയാണ്. ഉദാഹരണത്തിന്, തമിഴ്നാട്ടിൽ 2019ൽ 3.6 ശതമാനം വോട്ടുണ്ടായിരുന്നു. ഇത്തവണ 11.2 ശതമാനമായി കുതിച്ചു. എന്നാൽ, ഒറ്റ സീറ്റുപോലും സംസ്ഥാനത്ത് ലഭിച്ചില്ല. പഞ്ചാബിൽ 9.6 ശതമാനത്തിൽ നിന്ന് ഇത്തവണ ഇരട്ടിയായി. ഇവിടെ കൈയിലുള്ള സീറ്റ് പോലും ബി.ജെ.പിക്ക് നഷ്ടമാവുകയായിരുന്നു. കേരളത്തിൽ അഞ്ചുശതമാനം വർധിപ്പിച്ച പാർട്ടി ഒരു സീറ്റ് നേടി പിടിച്ചുനിന്നു.
ബിഹാറിൽ മൂന്ന് ശതമാനം വോട്ട് കുറഞ്ഞപ്പോൾ അഞ്ച് സീറ്റുകളും ബി.ജെ.പിക്ക് കുറഞ്ഞു. പശ്ചിമ ബംഗാളിൽ വെറും 1.6 ശതമാനമാണ് വോട്ടുകുറവ്. എന്നാൽ, ആറ് സീറ്റുകൾ നഷ്ടമായി. അത്ഭുതമായത് മഹാരാഷ്ട്രയിലാണ്. വോട്ട് 1.4 ശതമാനം മാത്രമാണ് കുറഞ്ഞത്. വൻ സീറ്റ് നഷ്ടമാണ് പാർട്ടി നേരിട്ടത്. കഴിഞ്ഞ തവണ 23 സീറ്റ് നേടി കുതിച്ച ബി.ജെ.പിക്ക് മഹാരാഷ്ട്രയിലുള്ളത് പത്ത് സീറ്റ് മാത്രമാണ്.
മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേട്ടം നേരെ വിപരീതമാണ്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ വിഹിതം കൂടിയത്. എന്നാൽ, സീറ്റ് നില ഒന്നിൽ നിന്ന് 13 ആയി ഉയർന്നു.
രാജസ്ഥാനിൽ മൂന്ന് ശതമാനം വോട്ടുയർത്തിയ കോൺഗ്രസിന് എട്ട് സീറ്റുകൾ അധികം നേടാനായി. യു.പിയിൽ വോട്ട് വിഹിതം 6.3 ശതമാനത്തിൽനിന്ന് 9.5 ശതമാനമായി കോൺഗ്രസ് വോട്ടുകൾ ഉയർന്നതോടെ സീറ്റിന്റെ എണ്ണം ഒന്നിൽ നിന്ന് ആറിലേക്ക് മുന്നേറി. സമാജ്വാദി പാർട്ടിയാണ് വോട്ടുവിഹിതത്തിൽ തിളങ്ങിയത്. 18ൽനിന്ന് 33 ശതമാനമായി യു.പിയിൽ എസ്.പി പടർന്നുപന്തലിച്ചു. 37 സീറ്റും കൂടെ പോന്നു. കോൺഗ്രസിന്റെ വിഹിതം കൂടി നോക്കിയാൽ യു.പിയിൽ 43 ശതമാനമാണ് ഇൻഡ്യ സഖ്യത്തിന്റെ അഭിമാന വോട്ട് ഷെയർ. കഴിഞ്ഞ തവണ എസ്.പി-ബി.എസ്.പി സഖ്യത്തിന് 37.3 ശതമാനമുണ്ടായിരുന്നു.
വോട്ടുവിഹിതം കാര്യമായി കുറയാതിരുന്നിട്ടും ബി.ജെ.പിയുടെ സീറ്റുകൾ കുറയാൻ പ്രധാന കാരണം പ്രതിപക്ഷ ഐക്യമാണ്. പ്രതിപക്ഷ വോട്ടുകൾ മൊത്തമായി വിജയ സാധ്യതയുള്ള സ്ഥാനാർഥിക്ക് ലഭിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. യു.പിയിൽ ബി.എസ്.പിയും മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിന്റെ പാർട്ടിയും വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് പ്രതിപക്ഷം ഭയന്നിരുന്നു. എന്നാൽ, ഈ കക്ഷികൾക്ക് റോളുണ്ടായില്ല.
ഗുജറാത്തിൽ ബി.ജെ.പി വോട്ടു കുറഞ്ഞു
അഹ്മദാബാദ്: ഗുജറാത്തിൽ 26ൽ 25 ഉം ലോക്സഭ സീറ്റുകൾ ബി.ജെ.പി നേടിയെങ്കിലും അവരുടെ വോട്ടുവിഹിതം 1.25 ശതമാനം കുറഞ്ഞു. 2019ൽ 63.11 ശതമാനമായിരുന്നു വിഹിതം. അത് ഇത്തവണ 61.86 ആയി. ‘ഇൻഡ്യ’ സഖ്യത്തിലെ കോൺഗ്രസിന്റെയും ‘ആപി’ന്റെയും സംയുക്ത വോട്ടുവിഹിതം 33.93 ആണ്. ഇതിൽ കോൺഗ്രസിന്റേതാണ് സിംഹഭാഗവും -31.24 ശതമാനം. ബനസ്കന്ദ സീറ്റാണ് ഉജ്ജ്വല പോരാട്ടത്തിലൂടെ കോൺഗ്രസ് ബി.ജെ.പിയിൽനിന്ന് പിടിച്ചത്. ഇതോടെ, മോദിയുടെയും അമിത് ഷായുടെയും തട്ടകമായ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും ഹാട്രിക് വിജയമെന്ന ബി.ജെ.പി സ്വപ്നം പൊലിഞ്ഞു. നോട്ടയുടെ വോട്ടുവിഹിതം 1.56 ആണ്. 26 സീറ്റുകളിലും മത്സരിച്ച ബി.എസ്.പിയുടെ വോട്ടുശതമാനം 0.76.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.