കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി; ഹംഗൽ കോൺഗ്രസ് പിടിച്ചെടുത്തു
text_fieldsബംഗളൂരു: കർണാടകയിലെ വടക്കൻ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹംഗൽ കോൺഗ്രസ് പിടിച്ചെടുത്തു. ജെ.ഡി-എസിെൻറ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹംഗൽ നഷ്ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.
ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റായ സിന്ദഗിയിൽ ജെ.ഡി-എസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹംഗലിൽ വിജയിക്കാനായതും കർണാടക കോൺഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയിൽ വിജയിച്ചില്ലെങ്കിലും ഹംഗൽ നിലനിർത്തുക എന്നത് അഭിമാന പ്രശ്നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി. പത്തു ദിവസമാണ് മുഖ്യമന്ത്രി നേരിട്ട് ഹംഗലിൽ പ്രചാരണം നടത്തിയത്. സിന്ദഗിയിലെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്.
സിന്ദഗിയിൽ 31,088 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 93,380 വോട്ടുകൾ നേടിയാണ് ബി.ജെ.പിയുടെ രമേശ് ഭൂസന്നൂരിന്‍റെ വിജയം. കോൺഗ്രസ് സ്ഥാനാർഥിയായ അശോക് മനഗുളി 62,292 വോട്ടുകൾ നേടി രണ്ടാമതെത്തി. ജെ.ഡി-എസിെൻറ മണ്ഡലമായിട്ടും അവരുടെ വനിത സ്ഥാനാർഥി നാസിയ ഷക്കീൽ അഹമ്മദ് അംഗദിക്ക് 4,353 വോട്ടു മാത്രമാണ് നേടാനായത്. ജെ.ഡി-എസിെൻറ വോട്ടുകൾ ഭിന്നിച്ചത് ബി.ജെ.പിയുടെ വിജയത്തിൽ നിർണായകമായി. ജെ.ഡി-എസും ബി.ജെ.പിയും തമ്മിലാണ് ഇവിടെ മത്സരമെന്നായിരുന്നു കരുതിയതെങ്കിലും കോൺഗ്രസ് രണ്ടാമതെത്തി കരുത്തുകാട്ടി. സിന്ദഗിയിലെ മുൻ ജെ.ഡി-എസ് എം.എൽ.എ എം.സി മനഗുളിയുടെ മകൻ അശോക് മനഗുളിയെ കോൺഗ്രസിലെത്തിച്ച് സീറ്റ് നൽകിയതാണ് പാർട്ടിക്ക് നേട്ടമായത്.
ഹംഗലിൽ കോൺഗ്രസിന്‍റെ ശ്രീനിവാസ് വി. മാനെ 7,426 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 87,300 വോട്ടുകളുമായാണ് ബി.ജെ.പിയുടെ ശിവരാജ് സജ്ജനാറിനെ പരാജയപ്പെടുത്തിയത്. സജ്ജനാർ 79,874 വോട്ടു നേടി. ജെ.ഡി-എസ് സ്ഥാനാർഥിയായ നിയാസ് ഷെയ്ഖിന് 927 വോട്ടുകൾ മാത്രമാണ് നേടാനായത്. 2018ൽ നേരിയ വ്യത്യാസത്തിൽ ബി.ജെ.പിയുടെ സി.എം. ഉദാസിയോട് പരാജയപ്പെട്ട ശ്രീനിവാസ മാനെ ഇത്തവണ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ബി.എസ്. യെദിയൂരപ്പക്ക് പകരമായി മുഖ്യമന്ത്രിയായി എത്തിയ ബസവരാജ് ബൊമ്മൈക്ക് രണ്ടു മണ്ഡലങ്ങളിലെയും വിജയം നേതൃസ്ഥാനം ഉറപ്പിക്കാൻ അനിവാര്യമായിരുന്നു. എന്നാൽ, ഹംഗലിലെ ബി.ജെ.പിയുടെ പരാജയം വരുംദിവസങ്ങളിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വം ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടാൻ വഴിയൊരുക്കിയേക്കും. തെരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ സർക്കാരിനെ ബാധിക്കില്ലെങ്കിലും 2023ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ആര് നയിക്കുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനും ബി.െജ.പി ഏറെ പാടുപെടും. ഹംഗലിലെ മുൻ ബി.ജെ.പി എം.എൽ.എ സി.എം. ഉദാസിയുടെ കുടുംബത്തിലുള്ളവരെ സ്ഥാനാർഥിയാക്കാത്തതും ബി.ജെ.പിക്ക് തിരിച്ചടിയായി.
ഡി.കെ. ശിവകുമാർ കെ.പി.സി.സി അധ്യക്ഷനായശേഷമുള്ള കോൺഗ്രസിന്‍റെ നിയമസഭ വിജയമാണ് ഹംഗലിലേത്. ഹംഗലിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അടുത്ത അനുയായിയിരുന്ന എം.എൽ.എ സി.എം. ഉദാസിയുടെ മരണത്തെതുടർന്നും സിന്ദഗിയിൽ ജെ.ഡി-എസ് എം.എൽ.എ എം.സി മനഗുളിയുടെ നിര്യാണത്തെതുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ചേർന്ന് കാരണം വിലയിരുത്തുമെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.