കർണാടകയിൽ ബി.ജെ.പിക്ക് നഷ്ടമായത് എട്ട് സീറ്റ്
text_fieldsബംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച നേട്ടം എത്തിപ്പിടിക്കാനായില്ലെങ്കിലും സീറ്റ് നില ഉയർത്തി കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ പാർട്ടി ഒമ്പതു സീറ്റ് തിരിച്ചുപിടിച്ചു. 28 മണ്ഡലങ്ങളിൽ എൻ.ഡി.എ സഖ്യത്തിൽ 25 സീറ്റിൽ മത്സരിച്ച ബി.ജെ.പി 17 സീറ്റ് നിലനിർത്തിയപ്പോൾ മൂന്നു സീറ്റിൽ മത്സരിച്ച ജെ.ഡി-എസ് രണ്ടിൽ ജയം നേടി. ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് ബി.ജെ.പിയുടെ ഡോ. സി.എൻ. മഞ്ജുനാഥിനോട് തോൽവി വഴങ്ങി. ബംഗളൂരു സെൻട്രലിൽ സിറ്റിങ് എം.പി പി.സി. മോഹനെ ഏറെനേരം പിന്നിൽ നിർത്തിയ കോൺഗ്രസിന്റെ പുതുമുഖം മൻസൂർ അലി ഖാൻ അവസാന റൗണ്ടിൽ 32707 വോട്ടുകൾക്ക് കീഴടങ്ങി. ബംഗളൂരു നഗരത്തിലെ നോർത്ത്, സൗത്ത് സീറ്റുകളും ബി.ജെ.പി നിലനിർത്തി.
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് സിറ്റിങ് എം.പി പ്രജ്വൽ രേവണ്ണ ഹാസനിൽ കോൺഗ്രസിന്റെ കന്നിക്കാരനായ ശ്രേയസ് പട്ടേലിനോട് തോറ്റു. മൈസൂർ രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ മൈസൂരു-കുടക് സീറ്റിൽ കന്നിജയം കുറിച്ചു. ബി.ജെ.പി വിമതനായി മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ ശിവമൊഗ്ഗയിൽ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയോട് തോറ്റു. കിറ്റൂർ കർണാടക മേഖലയിൽ ചിക്കോടി സീറ്റിൽ മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു. മന്ത്രി ഈശ്വർഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ ബിദറിൽ 128875 വോട്ടുകൾക്ക് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ അട്ടിമറിച്ചു. കടുത്ത മത്സരം നടന്ന ദാവൻകരെയിൽ മന്ത്രി എസ്.എസ്. മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുൻ കോൺഗ്രസിനായി ജയം കണ്ടു. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ തിരിച്ചെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബെളഗാവിയിലും മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലും ജയിച്ചു.
സിറ്റിങ് സീറ്റായ ഹാസൻ ജെ.ഡി-എസിനെ കൈവിട്ടപ്പോൾ മണ്ഡ്യയിൽ മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി 2,84,620 വോട്ടിന് ജയിച്ചത് ജെ.ഡി-എസിന് ഉണർവേകി. മണ്ഡ്യക്കുപുറമെ, കോലാറിലാണ് പാർട്ടി ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.