ഡൽഹി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബി.ജെ.പി; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: നേരത്തേ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ സ്‍ഥാനാർഥികളെ നിർത്താൻ ബി.ജെ.പി തീരുമാനിച്ചു. ഷാലിമാർ ബാഗ് കൗൺസിലർ രേഖ ഗുപ്ത മേയറായും കമൽ ബാഗ്രി ഡെപ്യൂട്ടി മേയറായും മത്സരിക്കും. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.
രഹസ്യവോട്ടെടുപ്പ് നടക്കുന്ന മുനിസിപ്പൽ കൗൺസിലിലെ മേയർ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്താൽ കൂറുമാറ്റ നിയമം ബാധകമാകില്ലെന്ന പ്രതീക്ഷയുമായാണ് ബി.ജെ.പി ഒടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ സ്ഥിര സമിതികളിലേക്ക് കമൽജിത് ഷെറാവത്, ഗജേന്ദ്ര ദാരൽ, പങ്കജ് ലൂഥ്റ എന്നിവരെയും സ്ഥാനാർഥികളായി പാർട്ടി പ്രഖ്യാപിച്ചു.
ഷെല്ലി ഒബറോയിയും ആലേ മുഹമ്മദ് ഇഖ്ബാലുമാണ് ആം ആദ്മി പാർട്ടിയുടെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികൾ. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കിട്ടിയില്ലെങ്കിലും സ്ഥിരസമിതി അംഗങ്ങളെങ്കിലും കിട്ടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. 250 അംഗ ഡൽഹി മുനിസിപ്പൽ കൗൺസിലിൽ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് 134 സീറ്റുമായി ആപ് ഭരണത്തിലേറിയത്.
ബി.ജെ.പിക്ക് 104 കൗൺസിലർമാരായി ചുരുങ്ങി. 250 കൗൺസിലർമാരെ കൂടാതെ ഏഴ് ലോക്സഭ അംഗങ്ങളും മൂന്ന് രാജ്യസഭ അംഗങ്ങളും 15 നിയമസഭാംഗങ്ങളും മേയർ തെരഞ്ഞെടുപ്പിലെ വോട്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.