ബി.ജെ.പിയോഗം: വിട്ടുനിന്നത് ആറ് എം.എൽ.എമാർ, അഭ്യൂഹം
text_fieldsബംഗളൂരു: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പി കേന്ദ്ര നിരീക്ഷകർ വെള്ളിയാഴ്ച വിളിച്ചുചേർത്ത നിയമസഭ സാമാജികരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ആറ് എം.എൽ.എമാർ.
ഇത് ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വടക്കൻ കർണാടകയിൽ നിന്നുള്ള ആറ് എം.എൽ.എമാരാണിവർ. അതേസമയം, താൻ യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് പ്രത്യേക ഭാഷ്യം നൽകേണ്ടതില്ലെന്നും ചില പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാതിരുന്നതെന്നും ശിവറാം ഹെബ്ബാർ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. താൻ മാത്രമല്ല യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
മറ്റ് അഞ്ചുപേരും പങ്കെടുത്തില്ലെന്നും യെല്ലാപുർമണ്ഡലം എം.എൽ.എയായ അദ്ദേഹം പറഞ്ഞു. ശിവറാമിനെ കൂടാതെ വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ, ഗോഗക് എം.എൽ.എ രമേഷ് ജാർക്കിഹോളി, അരഭാവി എം.എൽ.എ ബാലചന്ദ്ര ജാർക്കിഹോളി, മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ കമ്മത്ത്, യശ്വന്ത്പുർ എം.എൽ.എ എസ്.ടി. സോമശേഖർ എന്നിവരാണ് യോഗത്തിനെത്താതിരുന്നത്.
യത്നാലും രമേഷ് ജാർക്കിഹോളിയും ഹാളിൽ എത്തിയിരുന്നു. എന്നാൽ ആർ. അശോകയെ നിയമിക്കുമെന്ന വാർത്ത അറിഞ്ഞതോടെ യോഗം തുടങ്ങും മുമ്പേ ഇവർ ഹാൾ വിടുകയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ആഗ്രഹിക്കുകയും നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തവരാണിവർ.
വടക്കൻ കർണാടകയിൽ നിന്നുള്ളയാൾക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യത്തെ ഹെബ്ബാർ പിന്തുണച്ചെങ്കിലും താൻ യത്നാൽ ക്യാമ്പിലുള്ള ആളല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വടക്കൻ കർണാടകയുടെ കാര്യം വരുമ്പോൾ തങ്ങളെല്ലാം ഒറ്റക്കെട്ടാണ്. താൻ ഏതെങ്കിലും ഗ്രൂപ്പിൽപെട്ടയാളല്ല.
ഏത് പാർട്ടിക്കും അധികാരത്തിലേറണമെങ്കിൽ വടക്കൻ കർണാടകയിൽനിന്ന് പരമാവധി സീറ്റുകളിൽ ജയം അനിവാര്യമാണെന്നും ഹെബ്ബാർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഹെബ്ബാർ എം.എൽ.എ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കണ്ടിരുന്നു. ഇതോടെ അദ്ദേഹം ബി.ജെ.പി വിടുകയാണെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ തനിക്ക് പാർട്ടിക്കുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ട്.
പ്രശ്നങ്ങൾ സംബന്ധിച്ച് പാർട്ടിയിൽ സംസാരിച്ചിട്ടുണ്ട്. അവ പരിഹരിക്കുന്നതോടെ എല്ലാം ശരിയാകും. എന്നാൽ, ബി.ജെ.പി വിടുകയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം താൻ നേതാക്കളെ നേരത്തേ അറിയിച്ചിരുന്നതായി യോഗത്തിൽനിന്ന് വിട്ടുനിന്ന എം.എൽ.എയായ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.