കോൺഗ്രസ് വിദേശ വാക്സിനുകളെ പിന്തുണച്ചു; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: വിദേശവാക്സിനുകൾ അനുമതി നൽകാൻ കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്താണ് വിദേശവാക്സിനുകൾക്കായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൊറുളയുടെ വിഡിയോ പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിച്ചത്. സ്വിറ്റസർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിയിൽവെച്ച് ഫൈസർ വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് സി.ഇ.ഒയോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
എല്ലാ ഇന്ത്യക്കാരും ഇത് ഓർമിക്കണം. ഫൈസർ ഇന്ത്യൻ സർക്കാരിനെ സ്വാധീനിക്കാൻ ശ്രമിച്ചു. കോൺഗ്രസ് നേതാക്കളായ ചിദംബരം, ജയറാം രമേശ് എന്നിവരും വിദേശ വാക്സിനായി സമ്മർദം ചെലുത്തിയെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു.
2021ൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്ത് ഇന്ത്യൻ നിർമ്മിത വാക്സിനുകൾക്ക് പുറമേ വിദേശവാക്സിന് കൂടി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് പരാമർശിച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ വിമർശനം. കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് അഞ്ച് കോടി ഡോസ് വാക്സിൻ നൽകാമെന്ന് ഫൈസർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.