യോഗിക്കെതിരെ സംസാരിച്ചത് താനല്ല, 'എ.ഐ' എന്ന് ഉത്തർപ്രദേശ് മന്ത്രി
text_fieldsലഖ്നോ: തന്നെയും സർക്കാറിനെയും അപകീർത്തിപ്പെടുത്താൻ നിർമിത ബുദ്ധി ഉപയോഗിച്ചതായി ആരോപിച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി മന്ത്രി. ഗ്രാമവികസന സഹമന്ത്രി വിജയ് ലക്ഷ്മി ഗൗതമാണ് ആരോപണവുമായി രംഗത്തുവന്നത്.
സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന യോഗി സർക്കാറിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപിലെ ശബ്ദം തന്‍റേതല്ലെന്നും അത് നിർമിത ബുദ്ധി ഉപയോഗിച്ച് രൂപപ്പെടുത്തിയതാണെന്നും വിജയ് ലക്ഷ്മി ഗൗതം പറഞ്ഞു.
"സർക്കാറിന്‍റെ പ്രതിച്ഛായ തകർക്കാൻ ഒരു സംഘം സജീവമാണ്. പൊലീസിനെ അറിയിച്ചു. അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും" - മന്ത്രി പറഞ്ഞു.
യഥാർഥത്തിൽ തനിക്ക് അധികാരം ഇല്ലെന്നും തന്‍റെ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടിന് അനുകൂലമായ പക്ഷപാതം മൂലമാണ് ഗോരഖ്പൂരിന്‍റെ വികസനത്തിനായി ഒരു വർഷം കൊണ്ട് 600 കോടി രൂപയും പിന്നീട് 400 കോടി രൂപയും അനുവദിച്ചതെന്നും അതിൽ പറയുന്നു.
സേലംപൂരിൽ നിന്ന് ആദ്യമായി എം.എൽ.എയായ വിജയ് ലക്ഷ്മി ഗൗതം ബി.ജെ.പി പ്രവർത്തകയായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ 2017ൽ തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സമാജ്വാദി പാർട്ടിയിൽ ചേരുകയും സേലംപൂരിൽ നിന്ന് ബി.ജെ.പി.യോട് പരാജയപ്പെടുകയും ചെയ്തു. 2022ൽ അവർ ബി.ജെ.പിയിൽ തിരിച്ചെത്തി മത്സരിച്ച് വിജയിക്കുകയായിരുന്നു.
വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ എം.പിമാർക്കും എം.എൽ.എമാർക്കും കാര്യമായ സ്വാധീനമില്ലെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി വൃത്തങ്ങൾ സമ്മതിക്കുന്നതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. വികസന പദ്ധതികളുമായോ തെരഞ്ഞെടുപ്പ് തന്ത്രവുമായോ ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും മുഖ്യമന്ത്രി ബ്യൂറോക്രാറ്റുകളെ വളരെയധികം ആശ്രയിക്കുകയും തങ്ങളെ അവഗണിക്കുകയും ചെയ്യുന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.