ചന്ദ്രാപുർ കോൺഗ്രസിന്റെ ഏക സീറ്റ് പിടിച്ചടക്കാൻ ബി.ജെ.പി മന്ത്രി
text_fieldsചന്ദ്രാപുർ: 46 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെന്തുരുകയാണ് ചന്ദ്രാപുർ നഗരം. ഒപ്പം നിലവിൽ മഹാരാഷ്ട്ര മന്ത്രിയായ ബി.ജെ.പി സ്ഥാനാർഥി സുധീർ മുൻഗൻടിവാറും. 2019ൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലമാണിത്. അത് ഏതു വിധേനയും പിടിച്ചെടുക്കാനാണ് മുൻഗൻടിവാറിനെ ബി.ജെ.പി കളത്തിലിറക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ ഒട്ടും താൽപര്യമില്ലാത്ത, മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിച്ച മുൻഗൻടിവാർ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് മത്സരിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുരേഷ് ധനോർക്കറാണ് ചന്ദ്രാപുരിൽ ജയിച്ചത്. കഴിഞ്ഞ മേയിൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിധവ പ്രതിഭ ധനോർക്കറാണ് കോൺഗ്രസ് സ്ഥാനാർഥി. നിലവിൽ എം.എൽ.എയാണ് പ്രതിഭ. സഹതാപ വോട്ടുകൾ പ്രതീക്ഷിച്ചാണ് കോൺഗ്രസ് അവരെ സ്ഥാനാർഥിയാക്കിയത്.
തെരഞ്ഞെടുപ്പുകളിൽ ചന്ദ്രാപുരിന്റെ വിധി നിർണയിക്കുന്ന ഘടകം ജാതി സമവാക്യങ്ങളാണ്. തെലി, കുൺഭി മാറാത്ത, പട്ടികജാതി, പട്ടികവർഗം, ബുദ്ധിസ്റ്റ്, മുസ്ലിം വിഭാഗങ്ങളുടെ നിർണായക സാന്നിധ്യമുണ്ട്. തെലി സമുദായത്തിന് ബി.ജെ.പിയോടാണ് കൂറ്.
കുൺഭി മാറാത്ത സമുദായക്കാരിയാണ് പ്രതിഭ. കുൺഭി മറാത്തകൾ ഇത്തവണ പ്രതിഭക്കൊപ്പമാണ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്കും(വി.ബി.എ) ബി.എസ്.പിക്കും സ്ഥാനാർഥിയുണ്ട്. തെലി സമുദായക്കാരനായ രാജേഷ് ബെലെയാണ് വി.ബി.എ സ്ഥാനാർഥി. സഹതാപ വോട്ടിലാണ് കോൺഗ്രസിന്റെ കണ്ണ്. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തുന്നതും ഗുണമാകുമെന്ന് കരുതുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആദ്യ മണ്ഡലം ചന്ദ്രാപുരാണ്. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ കവാടത്തിനു തേക്കുമരം അയച്ചത് ഇവിടെ നിന്നാണ്. ആ കവാടത്തിലൂടെ താൻ പാർലമെന്റിൽ പ്രവേശിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായും അതിനുവേണ്ടിയാണ് തന്നെ സ്ഥാനാർഥിയാക്കിയതെന്നും മുൻഗൻടിവാർ.
ആറുതവണ എം.എൽ.എ ആവുകയും ധനകാര്യം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചന്ദ്രാപുരിന്റെ രക്ഷാകർതൃ മന്ത്രിയാവുകയും ചെയ്ത മുൻഗൻടിവാർ പ്രദേശത്ത് കൊണ്ടുവന്ന സൈനിക സ്കൂൾ, കാർഷിക സർവകലാശാല, വരാനിരിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് വോട്ടുതേടുന്നത്.
ബി.ജെ.പിയുടെ പരീക്ഷണമായാണ് മുൻഗൻടിവാറിന്റെ സ്ഥാനാർഥിത്വം. ബി.ജെ.പിയുടെ മുൻ എം.പി ഹൻസ് രാജ് ആഹിർ കോൺഗ്രസിനോട് പരാജയപ്പെട്ടതിനു പിന്നിൽ മുൻഗൻടിവാറിനെ സംശയിക്കുന്നുണ്ട്. മുൻഗൻടിവാറിനെ സ്ഥാനാർഥിയാക്കിയതിൽ ഹൻസ് രാജ് അതൃപ്തനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.