ഗൂഢാലോചനക്കുറ്റം ചുമത്തിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി യെച്ചൂരി
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിൽ ഡൽഹി പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയതിനു പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും സർക്കാറിെൻറ ഭരണഘടനാ വിരുദ്ധ നടപടികളെ ഇനിയും എതിർക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു.
ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഡൽഹി പൊലീസിെൻറ നിയമവിരുദ്ധ നടപടികൾ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിെൻറ രാഷ്ട്രീയത്തിെൻറ നേരിട്ടുള്ള ഫലമാണെന്ന് യെച്ചൂരി തുറന്നടിച്ചു. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറ്റപ്പെടുത്തി.
മോദി സർക്കാർ പാർലമെൻറിലെ ചോദ്യങ്ങളെ മാത്രമല്ല, പത്രസമ്മേളനങ്ങൾ നടത്താനും വിവരാവകാശ നിയമത്തിന് മറുപടി നൽകാനും ഭയപ്പെടുന്നു. അത് മോദിയുടെ സ്വകാര്യ ഫണ്ടായാലും ബിരുദം തെളിയിക്കുന്നതായാലും അങ്ങനെ തന്നെ. ഈ സർക്കാറിെൻറ എല്ലാ ഭരണഘടനാ വിരുദ്ധ നയങ്ങളും ഭരണഘടനാ വിരുദ്ധ നടപടികളും ഇനിയും എതിർക്കുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചന കുറ്റം ചുമത്തിയത്. പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പ്രഗല്ഭരെയും പ്രതികളാക്കാനുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.