ഭീകരാക്രമണത്തിനെതിരെ മുസ്‌ലിം പള്ളിക്ക് മുമ്പിൽ പ്രതിഷേധം; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്; വിമർശനവുമായി കോൺഗ്രസ്
text_fieldsജയ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ മുസ് ലിം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ച ബി.ജെ.പി എം.എൽ.എ ബാൽ മുകുന്ദ് ആചാര്യക്കെതിരെ കേസ്. ജയ്പൂർ പൊലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ജൊഹാരി ബസാറിലെ ജുമ മസ്ജിദിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം കണക്കിലെടുത്ത് മസ്ജിദിന് പുറത്ത് സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നതായി മുഹാന പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉദയ് സിങ് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി എം.എൽ.എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.എൽ.എയും രാജസ്ഥാൻ പ്രതിപക്ഷ നേതാവുമായ ടിക്കാറാം ജൂലി രംഗത്തെത്തി. സംഘർഷത്തിന് വഴിവെക്കാതിരിക്കാൻ ബി.ജെ.പി എം.എൽ.എമാരെ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമയോട് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം മുഴുവൻ ദുഃഖത്തിലാണ്. ഓരോ ഇന്ത്യക്കാരനും കടുത്ത നടപടി ആവശ്യപ്പെടുന്നു. നമ്മുടെ സേനയും ജനങ്ങളും ഒരു കാരണവുമില്ലാതെ കൊല്ലപ്പെടുന്നു. ജനങ്ങളും പ്രതിപക്ഷവും സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഭരണഘടനാപരമായ സ്ഥാനത്തുള്ള ഒരാളുടേതാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇത് ആവർത്തിക്കാതിരിക്കാനും സംഘർഷം രൂക്ഷമാകാതിരിക്കാനും എം.എൽ.എമാരെ നിയന്ത്രിക്കണം - ടിക്കാറാം ജൂലി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.