ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചക്കുശേഷം ഖുർദ ജില്ലയിലെ ബോലാഗഡ് ബദകുമാരി പഞ്ചായത്തിലാണ് അക്രമം അരങ്ങേറിയത്. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ േപാളിങ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാക്കുകയും വോട്ടുയന്ത്രം നശിപ്പിക്കുകയുമായിരുന്നു. ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്സഭ മണ്ഡലം സ്ഥാനാർഥി അപരാജിത സാരംഗിയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം സംഭവസ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ ബിജെഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബിജെപി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇയാളെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിനെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖുർദ മണ്ഡലത്തിൽ രംഗത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.