ഗോവയിൽ മദ്യനിരോധനം നടപ്പാക്കണം; ആവശ്യവുമായി ബി.ജെ.പി എം.എൽ.എ
text_fieldsപനാജി: ഗോവയിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ പ്രേമേന്ദ്ര ഷെട്ട്. നിയമസഭാ സമ്മേളനത്തിലാണ് 'വികസിത് ഭാരത്', 'വികസിത് ഗോവ' എന്നീ ആശയത്തിന്‍റെ ഭാഗമായി മദ്യം നിരോധിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്. മദ്യവിൽപ്പന ഗോവയുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ്.
സംസ്ഥാനത്ത് മദ്യം ഉത്പാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാം, എന്നാൽ ഗോവയിൽ അതിന്റെ ഉപഭോഗം നിരോധിക്കണമെന്ന് പ്രേമേന്ദ്ര ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യത്തിന്റെ ഉപയോഗം മൂലം റോഡ് അപകടങ്ങളിൽ നിരവധി ആളുകൾ മരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആവശ്യത്തെ പാർട്ടിയിലെ മറ്റ് എം.എൽ.എമാർ പിന്തുണച്ചില്ല.
ഗോവ വിനോദസഞ്ചാര സംസ്ഥാനമാണെന്നും മദ്യം ടൂറിസം വ്യവസായത്തിന്‍റെ ഭാഗമാണെന്നും ഭരണകക്ഷിയായ ബി.ജെ.പിയുടെ മറ്റൊരു എം.എൽ.എയായ കേദാർ നായിക് പറഞ്ഞു. സംസ്ഥാനത്തെ മദ്യവിൽപ്പന വ്യവസായത്തെ ആശ്രയിച്ചാണ് പല നാട്ടുകാരുടെയും കച്ചവടം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയ്ക്ക് മദ്യം നിരോധിക്കാൻ കഴിയില്ലെന്നും എന്നാൽ സംസ്ഥാനത്ത് അതിന്‍റെ ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കണമെന്നും സ്വതന്ത്ര എം.എൽ.എ ഡോ. ചന്ദ്രകാന്ത് ഷെട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.