മേലാൽ ആവർത്തിക്കരുത്, ജയിലിലിട്ട് പൂട്ടും; കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി എം.എൽ.എയുടെ വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: വിഡിയോയുടെ പേരിൽ പുലിവാലു പിടിച്ച് ഡൽഹിയിലെ പട്പർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗി. മറ്റൊരാളുടെ വീടിനു പുറത്ത് ഇരുന്നതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ നേഗി ഭീഷണിപ്പെടുത്തുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കുട്ടിയോട് അവൻ ആ വീട്ടിലാണോ എന്ന് താമസിക്കുന്നതെന്ന് എം.എൽ.എ ചോദിക്കുന്നുണ്ട്. അപ്പോൾ തൊട്ടടുത്ത തെരുവിലാണ് താൻ താമസമെന്ന് കുട്ടി മറുപടി പറയുന്നു. തുടർന്ന് മറ്റൊരാളുടെ വീടിനു പുറത്ത് ഒരിക്കലും ഇരിക്കരുതെന്നും അങ്ങനെ ചെയ്താൽ ജയിലിലടക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയാണ് രവീന്ദർ സിങ് നേഗി.
മറ്റൊരാളുടെ വീടിന് മുന്നിലിരിക്കുന്നത് കുറ്റകരമാണെന്ന് സുഹൃത്തുക്കളോട് പറയണമെന്നും നേഗി കുട്ടിക്ക് നിർദേശവും നൽകി. കുട്ടി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എയുടെ സ്വഭാവത്തെയാണ് നെറ്റിസൺസ് ചോദ്യം ചെയ്യുന്നത്. ഡൽഹിയിൽ ബി.ജെ.പി വിജയിച്ച ശേഷം ഇതാണ് സ്ഥിതിയെന്നാണ് ഒരാൾ കുറിച്ചത്. നിരപരാധിയായ കുട്ടിയെ ആണ് ഒരു കാരണവുമില്ലാതെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ ഭീഷണിപ്പെടുത്തുന്നത്. അതിന്റെ കാരണമറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ഇനി ഡൽഹിയിലെ തെരുവുകളിൽ അക്രമങ്ങളുടെ എണ്ണം വർധിക്കും.-എന്നാണ് മറ്റൊരാളുടെ പ്രതികരണം.
പട്പർഗഞ്ചിൽ ഒരു തരത്തിലുള്ള കൈയേറ്റവും അനുവദിക്കില്ലെന്നും നേരത്തേ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധമായി നിർമിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്നും മുന്നറിയിപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.