3,300 കോടിയുടെ ആസ്തി; മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥി ബി.ജെ.പി എം.എൽ.എ
text_fieldsമുംബൈ: നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായി നാമനിർദേശക പത്രിക സമർപ്പണം ചൊവ്വാഴ്ച പൂർത്തിയായി. നവംബർ നാല് ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
പലരും മത്സരിക്കുന്നുണ്ടെങ്കിലുംസ്ഥാനാർഥികൾക്കിടയിലെ അതിസമ്പന്നൻ ആരാണെന്നറിയാൻ ചിലർക്കെങ്കിലും താൽപര്യമുണ്ടാകും. ബി.ജെ.പി എം.എൽ.എ പരാഗ് ഷാ ആണ് 3,300 കോടി രൂപയുടെ ആസ്തിയുമായി സ്ഥാനാർഥികൾക്കിടയിലെ 'അംബാനി'യായി മാറിയത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കിടയിൽ സമ്പത്തിൽ ഇദ്ദേഹത്തിന് തന്നെയായിരുന്നു മേൽക്കൈ. അഞ്ചുവർഷം മുമ്പ് 550.62 കോടിയുടെ ആസ്തിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഖട്കൊപാർ ഈസ്റ്റിൽ നിന്നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്.
അഞ്ചുവർഷം കൊണ്ട് ഇദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 3,315.52 കോടിയുടെ ജംഗമ വസ്തുക്കളും 67.53 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നാണ് പരാഗ് ഷായുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.
റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നാണ് പരാഗ് രാഷ്ട്രീയത്തിലെത്തുന്നത്. മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ സ്ഥാപകനാണ്. 2002ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഛട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
2024ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മുംബൈയിലെയും താനെയിലും വിധി നിശ്ചയിക്കാൻ സമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. 447കോടിയുടെ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധയാണ് സമ്പന്ന സ്ഥാനാർഥി പട്ടികയിലെ രണ്ടാമൻ. പ്രതാപ് സർനെയ്ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും പട്ടികയിലുണ്ട്. 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു.
അഞ്ചുവർഷത്തിനിടെ പലതരത്തിലുള്ള രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കും ഭരണസഖ്യങ്ങൾക്കും വേദിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഭരണത്തിലുണ്ടായിരുന്ന ശിവസേന രണ്ടായി പിളർന്ന് അതിലൊന്ന് ബി.ജെ.പിക്കൊപ്പം ചേർന്നു. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാർ എൻ.സി.പിയെ പിളർത്തി ബി.ജെ.പിക്കൊപ്പം പോയതും ജനങ്ങൾ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.