കോടതിയിൽ ഹാജരാകാതിരിക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്; യു.പിയിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsലഖ്നോ: കൊലപാതകശ്രമക്കേസിന്‍റെ വിചാരണക്ക് കോടതിയിൽ ഹാജരാകാതിരിക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ബി.ജെ.പി എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു. മെൻഹ്ദാവൽ മണ്ഡലത്തിലെ എം.എൽ.എ രാകേഷ് സിങ് ബാഗെലിനെതിരെയാണ് കോട്വാലി പൊലീസ് കേസെടുത്തത്.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സന്ത് കബീർ നഗർ ചീഫ് മെഡിക്കൽ ഓഫിസർ (സി.എം.ഒ) ഡോ. ഹർഗോവിന്ദ് സിങിനെതിരെയും കേസെടുത്തിട്ടുണ്ട്. 2010ലെ ഒരു കൊലപാതകശ്രമവും പൊതുമുതൽ നശിപ്പിക്കലും സംബന്ധിച്ച കേസുകളുടെ വിചാരണക്ക് ഹാജരാകാൻ അഡീഷണൽ സെഷൻസ് ജഡ്ജ് ദീപാന്ത് മണി രാകേഷ് സിങിന് നോട്ടീസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കാൻ കോവിഡ് ബാധിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ് രാകേഷ് നൽകുകയായിരുന്നു. ഒരു സ്വകാര്യലാബിൽ നടത്തിയ പരിശോധനയിൽ രാകേഷ് കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞെന്നും അദ്ദേഹം ഹോം ഐസൊലേഷനിൽ ആണെന്നുമുള്ള സർട്ടിഫിക്കറ്റ് സി.എം.ഒ ഡോ. ഹർഗോവിന്ദ് സിങ് ആണ് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ, ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ നിരീക്ഷണത്തിന്‍റെ ചുമതലയുള്ള ഡോ. വിവേക് കുമാർ ശ്രീവാസ്തവ സർട്ടിഫിക്കറ്റിൽ പറയുന്ന കാലയളവിൽ രാകേഷ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിച്ചില്ലെന്നും കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് രാകേഷും സി.എം.ഒയും ചേർന്ന് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ചതായി കണ്ടെത്തിയത്. 2017 ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലാണ് ഗോമതിനഗർ സ്വദേശിയായ രാകേഷ് സിങ് മെൻഹ്ദാവൽ മണ്ഡലത്തിൽനിന്ന് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.