മധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ; പുതിയ അംഗങ്ങൾ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് വിമർശനം
text_fieldsഭോപാൽ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ വിരേന്ദ്ര രഘുവൻഷി. പാർട്ടിയിൽ നിന്നും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി പാർട്ടിയിൽ നിന്നും താൻ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും വേദനയെക്കുറിച്ചും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബോധിപ്പിച്ചിരുന്നുവെന്നും എന്നാൽ തന്‍റെ പ്രശ്നങ്ങൾ ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഗ്വാളിയോർ-ചമ്പൽ ഡിവിഷനിൽ, 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ചെങ്കിലും എന്നെപ്പോലുള്ള പാർട്ടി പ്രവർത്തകരെ പുതുതായി വന്ന ബി.ജെ.പി അംഗങ്ങൾ അവഗണിക്കുകയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. കോലാറസ് മണ്ഡലത്തിൽ താൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് മനപ്പൂർവം തടസം സൃഷ്ടിക്കാനും ദ്രോഹിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് കോലാറാസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ ജ്യോതിരാധിത്യ സിന്ധ്യയേയും അദ്ദേഹം വിമർശിച്ചു. 2020ൽ സിന്ധ്യ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയതിന് പിന്നാലെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ബി.ജെ.പിക്കൊപ്പം ചേർന്നത്. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് സിന്ധ്യ കർഷകരുടെ ലോൺ എഴുതിതള്ളുന്നതിനെ കുറിച്ച് നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ ബി.ജെ.പിയിൽ ചേർന്ന ശേഷം വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും രഘുവൻഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.