ചർച്ചുകളിൽ പോകുന്നവരെ തടഞ്ഞ് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: സ്വന്തം മണ്ഡലത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നാരോപിച്ച് ക്രിസ്ത്യൻ പള്ളികളിൽ പോകുന്നവരെ തടഞ്ഞുനിർത്തി ചോദ്യംചെയ്ത് ബി.ജെ.പി എം.എൽ.എ. ചിത്രദുർഗയിലെ െഹാസദുർഗ എം.എൽ.എ ഗുലിഹട്ടി ഡി. ശേഖറും അനുയായികളുമാണ് ഞായറാഴ്ച പള്ളികളിൽനിന്നും പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ തടഞ്ഞുനിർത്തി ചോദ്യംചെയ്തത്.
വിശ്വാസികളുടെ പേരു വിവരങ്ങൾ, വീട്, ജാതി, പള്ളിയിൽ എത്രകാലമായി വരാൻതുടങ്ങിയിട്ട്, മതംമാറിയതാണോ തുടങ്ങിയ ചോദ്യങ്ങളുമായാണ് എം.എൽ.എയും അനുയായികളും വിശ്വാസികളെ തടഞ്ഞത്.
ഹൊസദുർഗയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും ദലിത് വിഭാഗങ്ങളിലുള്ളവരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുകയാണെന്നും എം.എൽ.എ നേരേത്ത നിയമസഭയിൽ ആരോപിച്ചിരുന്നു. ഇതിൽ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഹൊസദുർഗ തഹസിൽദാർ തിപ്പെസ്വാമി താലൂക്കിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതോടെ, മതപരിവർത്തനം നടക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് എം.എൽ.എയുടെ നടപടി.
മതപരിവർത്തനം സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളോടുതന്നെ നേരിട്ട് ചോദിച്ച് മനസ്സിലാക്കാനാണ് എത്തിയതെന്നാണ് എം.എൽ.എ ഗുലിഹട്ടി ഡി. ശേഖറിെൻറ വിശദീകരണം. പള്ളിയിൽ എട്ടുവർഷത്തിലധികമായി വരുന്നുണ്ടെന്ന് ചിലർ മറുപടി നൽകിയപ്പോൾ കോവിഡ് വ്യാപനത്തിനുശേഷമാണ് വരുന്നതെന്നും ചിലർ പറഞ്ഞു. ചിലർ എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ചു. നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന റിപ്പോർട്ടിനുപിന്നാലെ തഹസിൽദാറായിരുന്ന തിപ്പെസ്വാമിയെ ബി.ജെ.പി സർക്കാർ കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു.
മുൻ തഹസിൽദാറുടെ റിപ്പോർട്ടിൽ തെറ്റുണ്ടെന്നും ബി.ജെ.പി സർക്കാറുണ്ടായിട്ടും കൃത്യമായ വിവരം ശേഖരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നും ഗുലിഹട്ടി ഡി. ശേഖർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.