ബി.ജെ.പി എം.എൽ.എമാർ മണിപ്പൂർ സർക്കാറിനെതിരെ
text_fieldsന്യൂഡൽഹി: ‘‘മണിപ്പൂർ സർക്കാറിൽ പൊതുജനത്തിനുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കാൻ ഭരണസംവിധാനത്തിലും സർക്കാർ നടത്തിപ്പിലും ചില നടപടികൾ ആവശ്യമായി വന്നിരിക്കുന്നു’’. -മണിപ്പൂരിലെ പ്രതിപക്ഷ എം.എൽ.എമാരുടെ വാക്കുകളല്ല; ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒമ്പത് എം.എൽ.എമാർ പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ വരികളാണിത്.
കരം ശ്യാം സിങ്, ടി.എച്ച്. രാധേശ്യാം സിങ്, സിഷികാന്ത് സിങ് സാപാം, രഘുമണി സിങ്, ബ്രോജൻ സിങ്, രൊബീന്ദ്രോ സിങ്, രാജേൻ സിങ്, കെബി ദേവി, ഡോ. വൈ രാധേശ്യാം എന്നീ മെയ്തെയി വിഭാഗക്കാരായ ഒമ്പത് ബി.ജെ.പി എം.എൽ.എമാരാണ് സ്വന്തം സർക്കാറിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഡൽഹിയിൽ വന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നുവെന്ന് ഇവർ കുറ്റപ്പെടുത്തി. ഒന്നര മാസമായി വംശീയകലാപം തുടരുന്ന മണിപ്പൂരിൽ മെയ്തേയി വിഭാഗക്കാരനായ മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് ഏഴ് ബി.ജെ.പി എം.എൽ.എമാർ അടക്കം കുക്കി വിഭാഗക്കാരായ 10 എം.എൽ.എമാർ തുറന്നടിച്ചതിനു ശേഷമാണ് മെയ്തേയി വിഭാഗക്കാരും മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത്.
ബി.ജെ.പി സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന നിലപാടിൽ പാർട്ടി ഭേദമെന്യേ ഒറ്റക്കെട്ടായ കുക്കികൾ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വരുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയിലുള്ള അവിശ്വാസം പ്രധാനമന്ത്രിയെ അറിയിച്ച ഒമ്പത് എം.എൽ.എമാരിൽ എട്ടുപേർ പിറ്റേന്ന് ബിരേൻ സിങ്ങിനെ പിന്തുണക്കുന്ന എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലുള്ള ആർ.എസ്.എസിന്റെ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷിനെ ഡൽഹിയിൽ കണ്ട് കുക്കി തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് കത്ത് നൽകിയത് തെറ്റിദ്ധാരണ മൂലമാണെന്ന് ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അവരിലൊരാൾ പറയുകയും ചെയ്തു.
മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ബി.ജെ.പി എം.എൽ.എമാർക്ക് എതിർപ്പുള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കരുതി മണിപ്പൂർ സർക്കാറിന് ഭീഷണിയില്ലെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിങ് അവകാശപ്പെട്ടു.
നിലവിലുള്ള പ്രതിസന്ധി തുടരുകയാണെന്നും ഇത് കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച ബീരേൻ സിങ്ങിന് സംഭവിച്ചുവെന്നും പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായം പരസ്യമായത് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അയൽ സംസ്ഥാനമായ മിസോറമിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബാധിക്കുന്ന തരത്തിലേക്കാണ് മണിപ്പൂരിലെ കാര്യങ്ങളുടെ പോക്ക്.
മണിപ്പൂരിൽ മൂന്നിടത്ത് വെടിവെപ്പ്
ഇംഫാൽ: മണിപ്പൂരിൽ മൂന്നിടത്ത് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായതായി അധികൃതർ. കിഴക്കൻ മണിപ്പൂരിലെ താങ്ജിങ്ങിൽ ചൊവ്വാഴ്ച രാത്രി 11.45ന് ഇരുപത് റൗണ്ട് വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ട്.
കാങ്ചുപ് മേഖലയിലെ രണ്ടിടങ്ങളിലും വെടിവെപ്പുണ്ടായി. ആർക്കെങ്കിലും പരിക്കുണ്ടോ എന്നറിയാൻ പിന്നീട് അസം റൈഫിൾസ് സ്ഥലത്ത് പരിശോധന നടത്തി.അതിനിടെ, മണിപ്പൂർ കലാപം തുടങ്ങി 50 ദിവസമായിട്ടും പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണമായും പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. ‘പരമാവധി നിശ്ശബ്ദത, കുറച്ച് ഭരണം’ എന്ന നയമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.