'ശരീരത്തിൽ എവിടെയൊക്കെ വെക്കാനാകുമോ അവിടെയെല്ലാം സ്വർണം ഒളിപ്പിച്ചു'; നടി രന്യ റാവുവിനെതിരെ അസഭ്യ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
text_fieldsനടി രന്യ റാവു
ബംഗളൂരു: സ്വർണക്കടത്തു കേസിൽ പിടിയിലായ തെലുങ്കു നടി രന്യ റാവുവിനെതിരെ അസഭ്യപരാമർശം നടത്തി പുലിവാലു പിടിച്ച് കർണാടക ബി.ജെ.പി എം.എൽ.എ. ബീജാപൂർ സിറ്റി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ ആണ് രന്യക്കെതിരെ അസഭ്യ പരാമർശം നടത്തിയത്. ''കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് സ്വർണക്കടത്തിൽ കണ്ടത്. അവർക്കെതിരെ ശക്തമായ നടപടി വേണം. നടിയുടെ ശരീരം മുഴുവൻ സ്വർണമുണ്ടായിരുന്നു. എവിടെയൊക്കെ ദ്വാരങ്ങളുണ്ടോ അവിടെയൊക്കെ അവർ സ്വർണം ഒളിച്ചുവെച്ചു. എന്നിട്ട് സ്വർണം കടത്തി.''-എന്നായിരുന്നു എം.എൽ.എ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
സ്വർണക്കടത്തിൽ പങ്കാളികളായ മന്ത്രിമാരെ തനിക്കറിയാമെന്നും ബി.ജെ.പി എം.എൽ.എ അവകാശപ്പെട്ടു. ഇവരെയും ശിക്ഷിക്കണം. ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും ഇദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രന്യയുടെ രണ്ടാനച്ഛനും ഡി.ജി.പിയുമായി രാമചന്ദ്രറാവുവിനെ പരാമർശിച്ച് എം.എൽ.എ പറഞ്ഞു.
എന്നാൽ സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. രന്യ റാവു സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായതോടെ രാമചന്ദ്രറാവു നിർബന്ധിത അവധിയിൽ പ്രവേശിക്കുകയായിരുന്നു.
''നടിയുടെ ബന്ധങ്ങളെ കുറിച്ച് എല്ലാവിവരങ്ങളും ഞാൻ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ പരിശോധനയിൽ ആരൊക്കെ അവരെ സഹായിച്ചു എന്നതടക്കം വ്യക്തമായിട്ടുണ്ട്. എല്ലാം നിയമസഭ സമ്മേളനത്തിൽ പറയും. എവിടെയാണ് അവർ സ്വർണം ഒളിപ്പിച്ചത് എന്നതടക്കം.''-എം.എൽ.എ തുടർന്നു. എന്നാൽ കോൺഗ്രസ് മന്ത്രിമാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിരുന്നു. ഇതെല്ലാം വെറും രാഷ്ട്രീയ ഗോസിപ്പുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതാദ്യമായല്ല, യത്നാൽ വിവാദ പരാമർശം നടത്തുന്നത്. 2023ൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിഷകന്യക എന്ന് വിളിച്ചതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇയാൾക്കെതിരെ നോട്ടീസയച്ചിരുന്നു.
2020ൽ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട പാവപ്പെട്ട സ്ത്രീകൾക്ക് നൽകിവന്ന വിവാഹധനസഹായം അവസാനിപ്പിച്ചതിനെ അഭിനന്ദിച്ച യത്നാൽ ഈ പദ്ധതി വേണമെന്ന് ആഗ്രഹിക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 103ാം വയസിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയെ പാകിസ്താനി ഏജന്റ് എന്ന് വിളിച്ചും യത്നാൽ വിവാദം സൃഷ്ടിച്ചിരുന്നു. നേരത്തേ യെദിയൂരപ്പക്കും മകനുമെതിരെയും യത്നാൽ രംഗത്തുവന്നിരുന്നു.
രണ്ടാഴ്ച മുമ്പാണ് ദുബൈയിൽ നിന്ന് സ്വർണവുമായെത്തിയ രന്യയെ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. 14 കിലോ സ്വർണക്കട്ടികളും നടിയിൽ നിന്ന് കണ്ടെടുത്തത്. വിമാനത്താവളത്തിലെ ജീവനക്കാർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.