യെദിയൂരപ്പ അഴിമതിക്കാരനെന്ന് ബി.ജെ.പി നേതാവ് വിശ്വനാഥ്; 'അഴിമതിയുടെ പങ്ക് കേന്ദ്ര നേതാക്കൾക്കും ലഭിക്കുന്നു'
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് ബി.ജെ.പി എം.എൽ.സി എച്ച്. വിശ്വനാഥ്. യെദിയൂരപ്പക്കെതിരെ പാർട്ടിയിലെ ചില എം.എൽ.എമാരുടെ വിമത നീക്കം അനുനയിപ്പിക്കാൻ പാർട്ടി ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺസിങ് ബംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് വിശ്വനാഥിെൻറ വിവാദ പ്രസ്താവന.
യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര എല്ലാ വകുപ്പിെൻറയും ഭരണത്തിൽ ഇടപെടുകയാണെന്നും മന്ത്രിസഭയിൽ ആരും ഇക്കാര്യത്തിൽ സംതൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പരുതെന്നും ആക്ഷേപമുള്ളവർക്ക് താനുമായി കുടിക്കാഴ്ച നടത്താമെന്നും അരുൺ സിങ് കഴിഞ്ഞദിവസം താക്കീത് നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി നിയമനിർമാണ കൗൺസിൽ അംഗം രംഗത്തെത്തിയത്.
അഴിമതിയുടെ പങ്ക് കേന്ദ്ര നേതാക്കൾക്കും ലഭിക്കുന്നുണ്ടെന്നും വിശ്വനാഥ് ആരോപിച്ചു. അടുത്തിടെ ബോർഡ് മീറ്റിങ് പോലും ചേരാതെ ജലസേചന വകുപ്പ് 20,000 കോടിയുടെ ടെണ്ടർ ക്ഷണിച്ചതും ജിൻഡാൽ സ്റ്റീലിന് ബെള്ളാരിയിൽ 3660 ഏക്കർ ഭൂമി തുച്ഛമായ വിലക്ക് നൽകാൻ തീരുമാനിച്ചതും അഴിമതിയുടെ ഭാഗമാണ്. തനിക്ക് േകന്ദ്ര നേതാക്കൾക്ക് പണം നൽകേണ്ടതുണ്ടെന്നാണ് അഴിമതി സംബന്ധിച്ച് യെദിയൂരപ്പയുെട വാദം. ഇവിടെ നിന്ന് നിങ്ങൾ പണം കൊണ്ടുപോവുകയാണോ എന്നാണ് കേന്ദ്ര പ്രതിനിധിയായ അരുൺ സിങ്ങിനോട് ചോദിക്കേണ്ടത്. യെദിയൂരപ്പ കർണാടക ബി.ജെ.പിക്ക് നൽകിയ സംഭാവനകളെ മാനിക്കുന്നെന്നും എന്നാൽ, പ്രായവും ആരോഗ്യവും കാരണം അദ്ദേഹത്തിനിപ്പോൾ സർക്കാറിനെ നയിക്കാനാവില്ലെന്നും ഭരണത്തിൽ അദ്ദേഹത്തിെൻറ കുടുംബം ഇടപെടുന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണെന്നും വിശ്വനാഥ് കൂട്ടിച്ചേർത്തു.
ജെ.ഡി^എസ് മുൻ സംസ്ഥാന അധ്യക്ഷനായ എച്ച്. വിശ്വനാഥ് 2019ൽ ഒാപറേഷൻ താമരയിലൂടെ സഖ്യ സർക്കാറിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയതാണ്. ഹുൻസൂർ എം.എൽ.എയായിരുന്ന അദ്ദേഹം പിന്നീട് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നാമനിർദേശത്തിലൂടെ എം.എൽ.സിയായെങ്കിലും യെദിയൂരപ്പ വാഗ്ദാനം ചെയ്ത മന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചില്ല. സാേങ്കതിക കാരണങ്ങളാൽ വിശ്വനാഥിനെ മന്ത്രിയാക്കുന്നത് ഹൈക്കോടതി തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.