മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി ഗായിക; ഗായികയുടെ സഹോദരിയുമായാണ് ബന്ധമെന്ന് വെളിപ്പെടുത്തൽ
text_fieldsമുംബൈ: മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ ലൈഗികാരോപണ പരാതി. 2006ൽ മുതൽ പലതവണ മന്ത്രി ബലാത്സംഗം ചെയ്തെന്ന് മുംബൈ സ്വദേശിനിയായ ഗായികയാണ് പരാതി നൽകിയത്. എന്നാൽ ആരോപണം നിഷേധിച്ച ധനഞ്ജയ് മുണ്ഡെ ഗായികയുമായി തനിക്ക് ബന്ധമില്ലെന്നും ഗായികയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് ആരോപണം ഉന്നയിക്കുന്നതെന്നും മുണ്ഡെ പറഞ്ഞു.
ജനുവരി പത്തിനാണ് എൻ.സി.പി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെക്കെതിരെ ഗായിക പരാതിയുമായെത്തിയത്. സിനിമയിൽ പാടാൻ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
ഗായികയുമായി തനിക്ക് ബന്ധമില്ല. എന്നാൽ ഗായികയുടെ സഹോദരിയുമായി 2003 മുതൽ വിവാഹേതര ബന്ധം പുലർത്തുന്നുണ്ട്. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടെന്നും തന്റെ കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ധനഞ്ജയ് മുണ്ഡെ കൂട്ടിച്ചേർത്തു.
'വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടികളുടെ പേരിനൊപ്പം എന്‍റെ പേരാണ് ചേർത്തിരിക്കുന്നത്. കുട്ടികളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും അവർ എന്‍റെ ഒപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ കുടുംബത്തിന്‍റെ ഭാഗമായി രണ്ടു കുട്ടികളെയും ഭാര്യ അംഗീകരിച്ചു. കുട്ടികളുടെ അമ്മയെ മുംബൈയിൽ ഫ്ലാറ്റ് വാങ്ങുന്നതിന് ഞാൻ സഹായിച്ചു. കൂടാതെ സഹോദരനെ ബിസിനസ് വിപുലീകരണത്തിനും സഹായിച്ചിട്ടുണ്ട്' -മുണ്ഡെ പറഞ്ഞു.
ധനഞ്ജയ് മുണ്ഡെക്കെതിരായ ലൈംഗികാരോപണവും മന്ത്രിയുടെ വിവാഹേതര ബന്ധവും മഹാരാഷ്ട്ര സർക്കാറിനെതിരായ രാഷ്ട്രീയ നീക്കമായി ബി.ജെ.പി ഏറ്റെടുത്തു. ബി.ജെ.പി നേതാവ് കിരിത് സോമയ്യ മുണ്ഡെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. വിവാഹേതര ബന്ധം മറച്ചുവെച്ചതിനും കുട്ടികൾ, സ്വത്ത് തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നുമാണ് പരാതി.
'തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും അവരുടെ പേരിൽ സ്വത്തുക്കളുണ്ടെന്നും മുണ്ഡെ തന്നെ പറയുന്നു. എന്നാൽ ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിക്കുന്നു' -സോമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.