ഫറൂഖാബാദിന്റെ പേരും മാറ്റണമെന്ന് ബി.ജെ.പി; യോഗിയോട് പുതിയ പേര് നിർദേശിച്ച് ബി.ജെ.പി എം.പി
text_fieldsലഖ്നോ: രാജ്യത്തിന്റെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്ന സ്ഥലനാമങ്ങൾ ഒന്നിനുപിറകെ ഒന്നായി മാറ്റുന്ന ബി.ജെ.പി സർക്കാർ ഒടുവിൽ യു.പിയിലെ ഫറൂഖാബാദിലും പിടിമുറുക്കുന്നു. ഫറൂഖാബാദ് ജില്ലയുടെ പേര് മാറ്റണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ബി.ജെ.പി എം.പി മുകേഷ് രജ്പുത് ആവശ്യപ്പെട്ടു. 'പഞ്ചൽ നഗർ' അല്ലങ്കിൽ 'അപർകാശി' എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
മഹാഭാരത കാലത്ത് പാണ്ഡവ രാജ്ഞി ദ്രൗപതിയുടെ പിതാവ് ദ്രുപത് ഭരിച്ചിരുന്ന രാജ്യമാണിതെന്നും പാഞ്ചാല എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നതെന്നും കത്തിൽ മുകേഷ് പറഞ്ഞു. 'ദ്രൗപദിയുടെ 'സ്വയംവരം' നടന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന കമ്പിൽ ആയിരുന്നു ദ്രുപദ് രാജാവിന്റെ തലസ്ഥാനം. പുരാണ കാലം മുതൽ ഫറൂഖാബാദിന്റെ ചരിത്രം വളരെ സമ്പന്നമായിരുന്നു. ദ്രുപദ് രാജാവിന്റെ സൈന്യം കന്റോൺമെന്റ് പ്രദേശത്ത് താമസിച്ചിരുന്നു. ഇന്ന് അവിടെ രണ്ട് റെജിമെന്റ് സെന്ററുകളുണ്ട് - രജ്പുത് റെജിമെന്റും സിഖ് എൽഐയും' -കത്തിൽ തുടർന്നു.
ഹിന്ദുക്കൾക്കും ജൈനർക്കും കമ്പിൽ മതപരമായ പ്രാധാന്യമുള്ള സ്ഥലമാണെന്നും മുകേഷ് പറയുന്നു. "ആദ്യ ജൈന തീർത്ഥങ്കരനായ ഋഷഭദേവൻ ഇവിടെ പ്രഭാഷണം നടത്തിയിരുന്നു. ബുദ്ധമതക്കാരുടെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സങ്കിസ്സ. ശ്രീലങ്ക, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇവിടെ വലിയ ബുദ്ധ വിഹാരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കാശി പോലെ, എല്ലായിടങ്ങളിലും ശിവാലയങ്ങൾ ഉണ്ട്. അതിനാൽ ഈ നഗരത്തെ 'അപർകാശി' എന്നും വിളിക്കുന്നു. 1714ൽ മുഗൾ ഭരണാധികാരി ഫറൂഖ്‌സിയാറാണ് നഗരത്തിന്റെ പേര് ഫറൂഖാബാദ് എന്നാക്കി മാറ്റിയത്. "ഇന്ത്യൻ സംസ്‌കാരം പുനരുജ്ജീവിപ്പിക്കാൻ" ഫറൂഖാബാദ് ജില്ലയുടെ പേര് പഞ്ചാൽ നഗർ അല്ലെങ്കിൽ അപർകാശി എന്നാക്കണം' -മുകേഷ് രജ്പുത് യോഗിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.