'ധൃതരാഷ്ട്രർ ആകാതെ രാജധർമം പിന്തുടരൂ'; ഒഡീഷ മുഖ്യമന്ത്രിക്ക് ഉപദേശം നൽകി ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ധൃതരാഷ്ട്രർ ആകാതെ രാജധർമം പിന്തുടരാൻ ഒഡീഷ മുഖ്യമന്ത്രിക്ക് ഉപദേശം നൽകി ബി.ജെ.പി ഭുപനേശ്വർ എം.പി അപരാചിത സാരംഗി. സ്ത്രീ ശാക്തീകരണത്തിന്‍റെ പേരിൽ ഒഡീക്ഷ സർക്കാർ മിഷൻ ശക്തിയിലുള്ള സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഭുപനേശ്വറിലെ അത്തൻത്ര പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ സാരംഗിക്ക് നേരെ മിഷൻ ശക്തി അംഗങ്ങൾ മുട്ടയെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ എം.പിയുടെ പരാമർശം.
"സ്ത്രീ ശാക്തീകരണത്തിന്‍റെ മറവിൽ സംസ്ഥാന സർക്കാർ മിഷൻ ശക്തിയിലെ സ്ത്രീകളെ ഉപയോഗിച്ച്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എം.പിയായ എന്നെ ആക്രമിക്കുകയാണ്. ഇതാണ് മിഷൻ ശക്തിയുടെ യഥാർത്ഥ മുഖം. മുഖ്യമന്ത്രി ധൃതരാഷ്ട്രരാകുന്നത് നിർത്തി രാജധർമം പിന്തുടരുമോ?' - സാരംഗി എക്സിൽ (മുൻപ് ട്വിറ്റർ) കുറിച്ചു. ആക്രമിക്കാനായി കല്ലും മുട്ടയും പിടിച്ചുനിൽക്കുന്ന സ്തീകളുടെ ചിത്രം പങ്കുവെച്ചായിരുന്നു എം.പിയുടെ കുറിപ്പ്.
"ഞാനൊരു വനിതാ എം.പിയാണ്. ഇനിയങ്ങോട്ട് എന്‍റെ മണ്ഡലത്തിൽ ഞാൻ സുരക്ഷിതയല്ല. ഇനിമുതൽ എന്‍റെ ജോലി സ്ഥലത്ത് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പരിപൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കും" - സാരംഗി കൂട്ടിച്ചേർത്തു. തന്‍റെ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ താൻ ആക്രമിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.
പ്രതിപക്ഷ ജനപ്രതിനിധികൾക്ക് സംരക്ഷണം ലഭിക്കാത്ത സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബി.ജെ.പി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സമീർ മോഹന്തി പറഞ്ഞു. വനിതാ എം.പി സ്വന്തം മണ്ഡലത്തിൽ സുരക്ഷിതയല്ലെങ്കിൽ അത് സർക്കാരിന് മുന്നിൽ വലിയ ചോദ്യം ചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഏതെങ്കിലും ഒരു വോട്ടർ എന്തെങ്കിലും ചോദിക്കുമ്പോഴേക്കും സാരംഗി അതിനെ ഗുണ്ടായിസം എന്ന് വിളിക്കുകയാണെന്നും അങ്ങനെയെങ്കിൽ ഗുണ്ടകളായിരിക്കും അവരെ വിജയപ്പിച്ചിരിക്കുക എന്നും ബി.ജെ.ഡി വക്താവ് ശ്രീമയി മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.