വിവാദത്തിനിടെ പ്രോടെം സ്പീക്കറായി ബി.ജെ.പിയുടെ ഭർതൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഏഴു തവണ എം.പിയായ മെഹ്താബ് ഒഡിഷയിൽ നിന്നുള്ള ബി.ജെ.പി നേതാവാണ്.
അതേസമയം, പ്രോടെം സ്പീക്കർ നിയമനത്തിൽ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്റെ ഭാഗമായി കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പ്രോടെം സ്പീക്കർ പാനലിൽ നിന്ന് പിന്മാറി.
കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ഏഴു തവണ മാത്രം എം.പിയായ മെഹ്താബിനെയാണ് പ്രോടെം സ്പീക്കർ ആക്കിയത്. രണ്ടു ദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാരെയും ഉൾപ്പെടുത്തി. ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തു നിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേർ.
കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നിൽ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് വക്താവ് ജയറാം രമേശ് ചോദിച്ചു.
ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാർമികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം. പാർലമെന്റ് മന്ദിരോദ്ഘാടനത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നതു പോലെ ദലിതനായ പ്രോടേം സ്പീക്കർക്ക് മുന്നിൽ ഉന്നത ജാതിക്കാരായ എം.പിമാർ സത്യപ്രതിജ്ഞ ചെയ്യാൻ ബി.ജെ.പി ആഗ്രഹിക്കാത്തതു കൊണ്ടാണ് കൊടിക്കുന്നിലിനെ അവഗണിച്ചതെന്ന വാദത്തിൽ ഇൻഡ്യ സഖ്യം ഉറച്ചുനിൽക്കുകയാണ്.
18ാം ലോക്സഭയുടെ പ്രഥമ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.
കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.